CrimeNEWS

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു; നറുക്കെടുപ്പിൽ രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂർവ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്നും ഹൈക്കോടതി

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷിയും മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി എൻ മഹേഷിന് പ്രത്യേക ദൂതൻ മുഖേന ഹൈക്കോടതി നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു. നറുക്കെടുപ്പിൽ രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂർവ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്നും ഹൈക്കോടതി വാക്കാൽ പരാമർശം നടത്തി.

മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടില്ലെന്നും നോട്ടീസിന് നിർദേശം നൽകിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങൾ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നറുക്കെടുപ്പ് സമയത്തെ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചിരുന്നു.

Signature-ad

ഇന്നലെ ഉച്ചയ്ക്കാണ് കോടതി ചാനൽ ദൃശ്യങ്ങളും സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചത്. തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഹൈക്കോടതിയിൽ എത്തിച്ചത്. ദൃശ്യങ്ങൾ തുറന്ന കോടതിയിലാണ് ഹൈക്കോടതി പരിശോധിച്ചത്.
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ശബരിമല മേൽശാന്തിയായി പി എൻ മഹേഷ്‌ നെയും മാളികപ്പുറം മേൽശാന്തിയായി പി ജി മുരളിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പർ മാത്രം മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്ന് ചൂണ്ടികാട്ടിയായിരുന്നു തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി ഹ‍ർജിയുമായി ഹൈക്കോടതിയിലെത്തിയത്. ഈ ഹർജിയാണ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്.

Back to top button
error: