കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. നാളെ രാവിലെ മലയാറ്റൂർ നീലിശ്വരം എസ്എൻഡിപി സ്കൂളിൽ പൊതുദർശനം നടത്തും. തുടർന്ന് 2.30 തോടെ വീട്ടിലെത്തിക്കും. സംസ്കാരം വൈകീട്ട് 4 മണിക്ക് കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ നടക്കും.
ലിബ്നയുടെ മൃതദേഹം സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ലിബ്നയുടെ അമ്മയ്ക്കും,സഹോദരനും അവസാനമായി ഒരു നോക്ക് കാണാനാണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. സ്ഫോടനത്തിൻറെ അന്ന് അർദ്ധരാത്രിയോടെയാണ് 12 വയസ്സുകാരി ലിബ്ന മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ കുഞ്ഞ് അന്ന് മുതൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ മോർച്ചറി തണുപ്പിലാണ്. അമ്മ സാലിയും മൂത്ത സഹോദരൻ പ്രവീണും സ്വകാര്യ ആശുപത്രിയിലെ വെൻറിലേറ്ററിലാണ്. ഇളയ സഹോദരൻ രാഹുലും ചികിത്സയിലാണ്. ലിബ്ന പോയത് ഇവരാരും അറിഞ്ഞിട്ടില്ല. അച്ഛൻ പ്രദീപൻ മകൾക്കടുത്ത് മോർച്ചറിയും സാലിക്കും മക്കൾക്കുമൊപ്പം ആശുപത്രിയിലും നീറിപുകഞ്ഞ് ജീവിക്കുകയാണ്.
പാചകത്തൊഴിലാളിയായ പ്രദീപൻ ഞായറാഴ്ച ജോലിയുള്ളതിനാൽ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല. മൂത്ത മകൻ പ്രവീണിന് ചെന്നൈയിൽ ജോലി കിട്ടിയതിൻറെ ആശ്വാസത്തിനിടെയാണ് ദുരന്തം. പഠിക്കാൻ മിടുക്കിയായിരുന്നു ലിബ്ന. നിലിശ്വരം എസ് എൻ ഡി പി സ്കൂൾ ഏഴാം ക്ലാസിലെ ലീഡർ. ഇന്നും കൂട്ടുകാർക്ക് പ്രിയ സുഹൃത്തിന്റെ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല.