KeralaNEWS

ഇ.ടി പറഞ്ഞതിനു പിന്നാലെ സിപിഎം ക്ഷണമെത്തി; പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ ലീഗ് പങ്കെടുക്കുമോ?

മലപ്പുറം: കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് മുസ്ലീം ലീഗിന് ക്ഷണം. സിപിഎമ്മിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിന് സിപിഎമ്മിന്റെ ക്ഷണമെത്തിയത്. രാജ്യവ്യാപകമായി ചര്‍ച്ചചെയ്യുന്ന വിഷയമായതിനാല്‍ എല്ലാരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നാണ് ഇടി മുഹമ്മദ് ബഷീറിന്റെ നിലപാട്.

അതേസമയം, സിപിഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇതുസംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിന് ക്ഷണം ലഭിച്ചതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കണോ എന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സലാം പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമായി സലാം ചര്‍ച്ച നടത്തും. ഇതിനു ശേഷമാകും ലീഗ് തീരുമാനം പ്രഖ്യാപിക്കുക.

Signature-ad

മുന്‍പും സിപിഎം പരിപാടിയിലേക്ക് ലീഗിന് ക്ഷണമുണ്ടായിട്ടുണ്ട്. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തിയ സെമിനാറിലേക്ക് ലീഗിന് ക്ഷണമുണ്ടായെങ്കിലും കോണ്‍ഗ്രസിന് ക്ഷണമില്ലാത്തതിനാല്‍ വിട്ടുനില്‍ക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇക്കാര്യം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പരസ്യമായി അറിയിച്ചിരുന്നു.

ഈ മാസം 11ന് സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിക്കുന്നത്. പരിപാടിയിലേക്ക് സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ക്ക് ക്ഷണമുണ്ട്. അതേസമയം ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയെ തുറന്ന മനസോടെ സ്വീകരിക്കുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു.
എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം പരിപാടികളില്‍ പങ്കെടുക്കേണ്ടെന്നാണ് യുഡിഎഫിന്റെ പൊതുവായ തീരുമാനം. ഇതു ലംഘിച്ച് മുസ്ലീം ലീഗ് പരിപാടിയില്‍ പങ്കെടുക്കുമോ എന്നത് വൈകാതെ വ്യക്തമാകും. കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുന്നത്.

 

Back to top button
error: