കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കു മുസ്‌ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നു സിപിഎം. എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ക്ഷണിച്ച് ഇസ്രയേല്‍ അനുകൂല നിലപാട് ആവര്‍ത്തിച്ചു പറയിപ്പിക്കേണ്ടതില്ലെന്നും ശശി തരൂരിന്റെ പ്രസ്താവന ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും മോഹനന്‍ വിവരിച്ചു.
”ലീഗിന്റെ നേതൃത്വത്തില്‍ നിന്നുണ്ടായ പ്രതികരണം തുറന്ന മനസ്സോടെ സിപിഎം സ്വാഗതം ചെയ്യുകയാണ്. എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണെന്നതു 100 ശതമാനവും ശരിയാണ്. ഏകസിവില്‍ കോഡ് വിഷയത്തില്‍ ലീഗിനെ ആത്മാര്‍ഥമായി ക്ഷണിച്ചതാണ്. അവരുടെ പ്രയാസം അന്ന് അവര്‍ അറിയിച്ചു. രാഷ്ട്രീയമായി മറ്റൊരു മുന്നണിയില്‍ നില്‍ക്കവേ വരാന്‍ പ്രയാസമുണ്ട് എന്നായിരുന്നു അന്നു ലീഗ് സ്വീകരിച്ച നിലപാട്. അവര്‍ക്കൊരു പ്രയാസമുണ്ടാകരുതെന്നു കണ്ടാണ് ഇതുവരെ ക്ഷണിക്കാതിരുന്നത്. എന്നാല്‍ ലീഗിന്റെ നേതൃത്വത്തില്‍നിന്നും പോസിറ്റീവായ പ്രതികരണമാണുണ്ടായത്. ഔദ്യോഗികമായി പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കു ലീഗിനെ ക്ഷണിക്കും”പി.മോഹനന്‍ പറഞ്ഞു.
സിപിഎം ക്ഷണിച്ചാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്നായിരുന്നു ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ഇന്നു പറഞ്ഞത്. എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണെന്നും ഏക സിവില്‍ കോഡിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നുമായിരുന്നു ഇ.ടി.മുഹമ്മദ് ബഷീര്‍ വിശദീകരിച്ചത്. ഈ മാസം 11 നാണു കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി.