IndiaNEWS

കോണ്‍ഗ്രസ്-ബി.ജെ.പി. പോരാട്ടത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തോട് ഉപമിച്ച് യോഗി

ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് -ബി.ജെ.പി. തിരഞ്ഞെടുപ്പ് പോരാട്ടത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തോട് ഉപമിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ആല്‍വാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്.

‘താലിബാന്‍ മനോഭാവം ഗാസയില്‍ എങ്ങനെയാണ് തകര്‍ക്കപ്പെടുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ? ലക്ഷ്യത്തില്‍ അടിച്ച്, വളരെ കൃത്യതയോടെയാണ് അതിനെ തകര്‍ക്കുന്നത്. താലിബാന് പരിഹാരം ബജ്രംഗ് ബലിയുടെ (ഹനുമാന്‍) ഗദയാണ്’, അദ്ദേഹം പറഞ്ഞു.

Signature-ad

രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. കോണ്‍ഗ്രസ് ജയിച്ചാല്‍ പെണ്‍മക്കളും സഹോദരിമാരും താലിബാന്‍ മനോഭാവക്കാരാല്‍ ചൂഷണം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ദാര്‍ പട്ടേല്‍ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി. എന്നാല്‍, നെഹ്‌റു ഇവിടെയും പ്രശ്‌നങ്ങളുണ്ടാക്കി. ഇതാണ് ഭീകരവാദം പ്രചരിക്കാന്‍ കാരണമായത്. ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കശ്മീരിനെ പ്രശ്‌നരഹിതമായ ഇടമാക്കി. ഭീകരതയെ അവിടെ നിന്ന് തുടച്ചുനീക്കാനുള്ള നടപടികളും അവര്‍ സ്വീകരിച്ചു’, യോഗി പറഞ്ഞു.

നേരത്തേ നരേന്ദ്രമോദിയും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരായ അക്രമങ്ങള്‍ കാരണം സംസ്ഥാനത്തിന് ദുഷ്‌പേരുണ്ടായെന്നും ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പി. അധികാരത്തിലെത്തണമെന്നാണ് രാജസ്ഥാന്‍ ജനത ആഗ്രഹിക്കുന്നതെന്നും മോദി ചിത്തോര്‍ഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

Back to top button
error: