KeralaNEWS

തമ്മിലടിച്ച് വകുപ്പുകള്‍; കാട് കയറി നശിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍

പത്തനംതിട്ട: സാമ്പത്തിക ഞെരുക്കത്തില്‍ ലൈഫ് വീട് നിര്‍മ്മാണം സംസ്ഥാനത്താകെ പ്രതിസന്ധിയിലാകുമ്പോള്‍ റീബില്‍ഡ് പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നില്ല. പത്തനംതിട്ട അയിരൂരില്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തിയായ പത്ത് വീടുകളാണ് കാടുകയറി നശിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മ മൂലം പെരുവഴിയിലായത് മഹാപ്രളയത്തില്‍ വീട് നഷ്ടമായവരാണ്.

കാന്‍സര്‍ രോഗിയായ പുഷ്പയുടെ വീട് 2018 ലെ പ്രളയത്തില്‍ തകര്‍ന്നുപോയി. റീബില്‍ഡിന്റെ ഭാഗമായി മുത്തൂറ്റ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് അയിരൂരില്‍ നിര്‍മ്മിക്കുന്ന വീടുകളിലൊന്ന് പുഷ്പയ്ക്ക് നല്‍കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഇറിഗേഷന്‍ വക ഭൂമിയിലാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് വീടുകള്‍ നിര്‍മിച്ചത്. 2021 ല്‍ വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് കൈമാറി. പക്ഷേ ഇറിഗേഷന്റെ പക്കലുള്ള ഭൂമി റവന്യൂ വകുപ്പിലേക്ക് ഇനിയും കൈമാറിയിട്ടില്ല.

Signature-ad

പട്ടയരേഖയില്ലാതെ ഗുണഭോക്താക്കള്‍ക്ക് വീട് കൈമാറിയാല്‍ വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ തുടങ്ങി ഒന്നും കിട്ടില്ല. വകുപ്പുകള്‍ തമ്മിലുള്ള ഈ തര്‍ക്കങ്ങളില്‍ കുടുങ്ങി ഈ വീടുകള്‍ ഇങ്ങനെ കാടുമൂടിനശിക്കുകയാണ്. ലൈഫ് പദ്ധതിയില്‍ പാതിവഴിയില്‍ മുടങ്ങിയ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക പ്രതിസന്ധിയാണ് പല തദ്ദേശസ്ഥാപനങ്ങളും പറയുന്നത്. എന്നാല്‍ ഇവിടെ, പൂര്‍ത്തിയായ വീടുകള്‍ കൈമാറിക്കിട്ടാനും നെട്ടോട്ടത്തിലാണ് ആളുകള്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈഫ് പദ്ധതിയിലെ വീട് നിര്‍മ്മാണം നിലച്ച നിലയിലാണുള്ളത്. ഇടുക്കി വെള്ളയാംകുടിയില്‍ മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ ലൈഫ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുകയാണ്.

 

Back to top button
error: