ലക്നൗ: ആശുപത്രിയിലെ എമർജൻസി വാർഡിൽ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മുൻ ബിജെപി എംപിയുടെ മകൻ മരിച്ചു. ഇതേത്തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയുടെ മുൻപിൽ മകന്റെ മൃതദേഹവുമായി ബിജെപി നേതാവ് ഭൈരൻ പ്രസാദ് പ്രതിഷേധം നടത്തി.
ഉത്തർപ്രദേശ് ലക്‌നൗവിലാണ് സംഭവം. ആശുപത്രിയിലെ എമർജൻസി വാർഡിൽ കിടത്തി ചികിൽസിക്കാനുള്ള സൗകര്യം ലഭിക്കാത്തതിനെത്തുടർന്നാണ് ബിജെപി നേതാവ് ഭൈരൻ പ്രസാദ് മിശ്രയുടെ മകൻ മരിച്ചത്.
രാത്രി പതിനൊന്നു മണിയോടെയാണ് വൃക്ക സംബന്ധമായ അസുഖം കൂടിയതിനെത്തുടർന്ന് ഭൈരൻ പ്രസാദ് മിശ്രയുടെ മകൻ പ്രകാശ് മിശ്രയെ ആശുപത്രിയിലെ എമർജൻസി വാർഡിൽ പ്രവേശിപ്പിച്ചത്. എന്നാൽ വാർഡിൽ ചികിത്സ ലഭ്യമായിരുന്നില്ല എന്നാണ് ഭൈരൻ പ്രകാശ് മിശ്രയുടെ ആരോപണം. എമർജൻസി മെഡിക്കൽ ഓഫിസർ സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘എനിക്ക് എന്റെ മകനെ നഷ്ടമായി. പക്ഷേ, ഞാൻ അവിടെയിരുന്നു പ്രതിഷേധിച്ചു. ആ സമയത്ത് 25 ഓളം പേർ ചികിത്സതേടി അവിടെയെത്തി. എല്ലാവര്‍ക്കും അയാളെ കുറിച്ച് പരാതി ഉണ്ടായിരുന്നു. അയാൾ ശിക്ഷിക്കപ്പെടണം…” ഭൈരൻ പ്രകാശ് മിശ്ര പറഞ്ഞു.
മെഡിക്കൽ ഓഫീസർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെയും നിയമിച്ചിട്ടുണ്ട്.