തിരുവനന്തപുരം: സിനിമസീരിയല്‍ നടി രഞ്ജുഷ മേനോന്റെ (35) മരണം പിറന്നാള്‍ ദിനത്തില്‍. ശ്രീകാര്യം കരിയത്തെ ഫ്ളാറ്റില്‍ തിങ്കളാഴ്ച രാവിലെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷയുടെ താമസം എന്നു പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ സീരിയല്‍ സംവിധാനവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നു പോയെന്നും രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാത്തതിനാല്‍ താന്‍ തിരിച്ചു വീട്ടിലേക്കു ചെന്നെന്നുമാണ് മനോജ് ശ്രീലകം ശ്രീകാര്യം പൊലീസിനു മൊഴി നല്‍കിയത്.
ഫാനില്‍ നിന്നു നിലത്തിറക്കി പരിശോധിക്കുമ്പോള്‍ മരിച്ചിരുന്നു എന്നും മനോജ് മൊഴി നല്കി. പൊലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും. പറവൂര്‍ കരുമാലൂര്‍ ലക്ഷ്മി ഗോവിന്ദത്തില്‍ രഞ്ജുഷ മേനോന് രണ്ടു വര്‍ഷത്തിലേറെയായി കരിയത്തെ ഫ്ളാറ്റിലാണു താമസം. ഇരുപതിലധികം സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചു.
സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ചാനല്‍ അവതാരകയായാണു തുടക്കം. സ്ത്രീ എന്ന പരമ്പരയിലൂടെ മിനി സ്ക്രീനില്‍ അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
ആനന്ദരാഗം, വരന് ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു വരികയായിരുന്നു. നക്ഷത്രദീപങ്ങള്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു. നര്‍ത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഭരതനാട്യത്തില്‍ ബിരുദവും എടുത്തു. രഞ്ജുഷയ്ക്ക് രണ്ടാം ക്ലാസുകാരിയായ മകളുണ്ട്.