ആഗോളതാപനം കുറക്കുന്നതിനുള്ള കേരളത്തിന്റെ ബദൽ ഇടപെടലാണ് ഫിലമെന്റ്രഹിത കേരളം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഊർജ്ജോത്പാദനം പോലെ തന്നെ പ്രധാനമാണ് ഊർജ്ജംസംരക്ഷണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
എൽ ഇ ഡി ബൾബുകളുടെ ഉപയോഗം വർധിപ്പിക്കുകയെന്നത് സർക്കാർ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രജിസ്റ്റർ ചെയത 17ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് ഇപ്പോൾ ഒരു കോടി എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യുന്നതെന്നും ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ തെരുവുവിളക്കുകൾ എൽ ഇ ഡി യിലേക്ക് മാറ്റുന്ന നിലാവ് പദ്ധതി വലിയ സാമൂഹ്യമാറ്റത്തിന് ഇടവരുത്തുന്ന ഒന്നാണെന്നു പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. കുറഞ്ഞവിലക്ക് നൽകുന്ന എൽ ഇ ഡി ബൾബിനു 3 വർഷം വാറന്റി നൽകുന്നുണ്ടെന്നു മന്ത്രി അറിയിച്ചു.
കുടുംബബഡ്ജറ്റിൽ വലിയ തോതിൽ ലാഭംവരുത്താനുപകരിക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിവഴി തിരികെ ലഭിക്കുന്ന സാധാരണ ബൾബുകൾ, സി എഫ് എല്ലുകൾ, എന്നിവ പുനരുപയോഗം നടത്താനും ബാക്കിയുള്ളവ പരിസ്ഥിതി സൗഹൃദപരമായി നിർമാർജ്ജനം ചെയ്യുവാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് നടപ്പിലാക്കുന്നത് എനർജി മാനേജ്മെന്റ് സെന്റർ കേരളയും ക്ളീൻ കേരള കമ്പനിയും ചേർന്നാണ്. അങ്ങിനെയും പരിസ്ഥിതിക്കു ഗുണകരമാകുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.
ഊർജ്ജകേരളമിഷന്റെ ഭാഗമായുള്ള ഒരു സുപ്രധാന പദ്ധതിയാണ് ഫിലമെന്റ് രഹിത കേരളം. സംസ്ഥാനത്തുനിന്നും മേരിക്കുറി ഉപയോഗിക്കുന്ന വൈദ്യുതവിളക്കുകൾ നിർമാർജ്ജനം ചെയ്ത് എൽ ഇ ഡി ബൾബുകൾ വ്യാപകമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.