തിരുവനന്തപുരം:കൊറിയർ സർവീസിൽ നിന്നും പ്രതിദിനം ഒരുലക്ഷത്തിനും മുകളിൽ വരുമാനം നേടി കെഎസ്ആർടിസി.2023 ജൂൺ 15നാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്.
ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകർഷിച്ചത്.
കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ വെറും 16 മണിക്കൂർ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന്റെ സേവനം പൊതുജനങ്ങളുടെ പൂർണ്ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നത്.
പ്രതിദിന വരുമാനം വെറും 15,000 രൂപയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തുവാൻ സഹായകമായത് പൊതുജനങ്ങൾ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് അർപ്പിച്ച വിശ്വാസം മാത്രമാണ് ….
കെഎസ്ആർടിസി- യുടെ ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കളക്ട് ചെയ്യുന്ന സംവിധാനമാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. 55 ഡിപ്പോകളിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണ്.