IndiaNEWS

എന്തൊക്കെയാണ് റെയിൽവേയിൽ മോദി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ?

രു സ്ഥിരം റയിൽ യാത്രികൻ എന്ന നിലയിൽ ഞാൻ കണ്ട മാറ്റങ്ങൾ പറയാം. 2013 ൽ നിന്ന് 2023ലേക്ക് 10 വർഷം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ.
1. റെയിൽവേ സ്റ്റേഷനിൽ ടൂ വീലർ വെക്കുന്നതിന് 5 രൂപ ആയിരുന്നു. ഇപ്പോൾ, മിനിമം തന്നെ നാലിരട്ടിയാക്കി. പിന്നെ മണിക്കൂറനുസരിച്ച് കൂടി കൊണ്ടിരിക്കും.
2. ഫോർവീലർ പാർക്കിംഗിന് അര ദിവസത്തേക്ക് 10 രൂപ ആയിരുന്നു. ഇപ്പോൾ രണ്ട് മണിക്കൂറിന് 25 രൂപ ആയി. പിന്നീടുള്ള ഓരോ മണിക്കൂറിലും കൂടും. അതായത് നാലിരട്ടിയും അഞ്ചിരട്ടിയും അല്ല. തീവെട്ടി കൊള്ളയാണ്. ഫ്രീ പാർക്കിംഗ് സമയം 5 മിനിറ്റും അതുകഴിഞ്ഞാൽ 15 മിനിറ്റിന് 100 രൂപയും ചില സ്റ്റേഷനുകളിൽ നടപ്പാക്കി തുടങ്ങി.
3. പ്ലാറ്റ്ഫോം ടിക്കറ്റിന് 5 രൂപ ആയിരുന്നത് നേരെ ഇരട്ടിയാക്കി വർധിപ്പിച്ചു.
4. പാസഞ്ചർ ട്രെയിനുകളിലെ മിനിമം ടിക്കറ്റ് 5 രൂപ ആയിരുന്നത് ഇരട്ടിയാക്കി വർധിപ്പിച്ചു. പക്ഷേ, അത്തരം ടിക്കറ്റ് കിട്ടുന്ന പാസഞ്ചർ/മെമു ട്രെയിനുകളെ പേരുമാറ്റി സ്പെഷ്യൽ എന്നു ചേർത്തു. അതോടെ 5 രൂപ എന്നത് 6 ഇരട്ടി വർധിപ്പിച്ച് 30 രൂപയാക്കി.
5. സാധാരണ പാസഞ്ചർ / മെമു എന്നിവ ഇല്ലാതെയാക്കി.
6. വിപണിയിലെ കുടിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിനെ ലക്ഷ്യമിട്ട് UPA സർക്കാർ കൊണ്ടുവന്ന 10 രൂപയുടെ റെയിൽ നീറിന്റെ വില 50% വർധിപ്പിച്ച് 15 രൂപയാക്കി.
7. ജനതാഖാന എന്ന 10 രൂപക്ക് സാധാരണക്കാർക്കായി കൊണ്ടുവന്ന ഭക്ഷണത്തിന് വില നേരെ ഇരട്ടിയാക്കി എന്നത് മാത്രമല്ല, മിക്ക സ്റ്റേഷനുകളിലും ഇന്നത് ലഭ്യമേയല്ല.
8. റിസർവേഷൻ ടിക്കറ്റ് നിരക്കുകൾ ഏകദേശം 50% ത്തിലേറെ വർധിപ്പിച്ചു.
9. സീനിയർ സിറ്റിസൺ സൗജന്യ നിരക്ക് നിർത്തലാക്കി. അതോടെ റെയിൽ യാത്ര ചെയ്യുന്ന മുതിർന്ന മനുഷ്യരുടെ എണ്ണത്തിൽ 85% കുറഞ്ഞതായി കണക്കുകൾ.
10. കായികതാരങ്ങൾക്ക് നൽകിവന്നിരുന്ന സൗജന്യം നിർത്തലാക്കി.
11. ക്യാൻസലേഷൻ നിരക്കുകൾ വർധിപ്പിച്ചു. ക്യാൻസൽ ചെയ്യാനുള്ള നിയമങ്ങൾ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി.
12. പകൽ ദീർഘദൂര ട്രെയിനുകളിലെ ഒഴിവുള്ള സ്ലീപ്പർ സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ നിർത്തലാക്കി. പകരം, ഇരട്ടി ഫൈനടച്ച് യാത്ര ചെയ്യുന്ന രീതി നിലവിൽ വന്നു. വളഞ്ഞ വഴിയിൽ നിരക്ക് വർധന.
13. ട്രെയിനിലെ ഭക്ഷണ സാധനങ്ങളുടെ വില പലമടങ്ങ് വർധിപ്പിച്ചു. ക്വാളിറ്റി തീരെ മോശമായി.
14. എക്സ്പ്രസ് ട്രെയിനുകളിൽ ഏറിയപങ്കും സ്റ്റോപ്പുകൾ അതേപടി നിലനിർത്തി സൂപ്പർഫാസ്റ്റുകളായി പേരുമാറ്റി. നിരക്ക് വർധിപ്പിച്ചു.
15. റിസർവേഷൻ കൗണ്ടറുകളിൽ ഏറിയപങ്കും നിർത്തലാക്കി. ഇന്റർനെറ്റും ആപ്പും എല്ലാം സകല ഇന്ത്യക്കാർക്കും എത്തിയെന്ന രീതിയിലാണിപ്പോഴത്തെ പരിഷ്കാരങ്ങൾ.
16. unreserved ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറച്ചു. എല്ലാവരും UTS എടുത്ത് യാത്ര ചെയ്യട്ടെ.
17. ട്രെയിൻ ഇൻഫർമേഷൻ കൗണ്ടറുകൾ അടച്ചുപൂട്ടി.
18. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ടുകൾ ഒട്ടിക്കുന്ന രീതി നിർത്തലാക്കി.
19. പല ട്രെയിനുകളിലേയും ജനറൽ കമ്പാർട്ടുമെന്റുകളും ചിലതിലെ സ്ലീപ്പർ കോച്ചുകളും എണ്ണം കുറക്കുകയോ ഒഴിവാക്കുകയോ ചെയ്തു.
20. പ്രിമിയം തൽക്കാൽ എന്ന കാറ്റഗറി കൂടി introduce ചെയ്തു. എന്നാൽ, മുൻ സർക്കാരുകളുടെ കാലത്ത് തൽക്കാൽ ടിക്കറ്റുകൾ കൊണ്ടുവന്നപ്പോൾ സീറ്റുകളുടെ എണ്ണം കൂട്ടിയതുപോലെ ചെയ്തില്ല. ഫലത്തിൽ, സാധാരണ  റിസർവേഷൻ സീറ്റുകളുടെ എണ്ണം കുറഞ്ഞു. ഒരേ സീറ്റിന് മൂന്ന് നിരക്കായി.
21. ഡൈനമിക് പ്രൈസിംഗ് കൊണ്ടുവന്നു. തിരക്കു കൂടുന്ന സമയങ്ങളിൽ സാധാരണക്കാർക്ക് താങ്ങാനാവാത്ത ടിക്കറ്റ് വിലയായി.
22. റെയിൽവേയിലെ നിയമനങ്ങൾ തീരെ കുറച്ചു. ഒഴിവുകൾ ഏറെപങ്കും നികത്തുന്നില്ല. കൂടുതലും കോണ്ട്രാക്ട് നിയമനങ്ങളിലേക്ക് മാറി.
23. Anti collission system പേരുമാറ്റി കവച് എന്ന് ആക്കിയതല്ലാതെ അത് നടപ്പിലാക്കിയത് തീരെ കുറവ് ദൂരം മാത്രം. അതിനെ തുടർന്ന് അപകടങ്ങളും വർധിച്ചു.
24. RPF ഒഴിവുകൾ നികത്തുന്നില്ല. ആവശ്യത്തിന് സുരക്ഷ ഒരുക്കാനാവാത്ത അവസ്ഥ.
25. പ്ലാറ്റ്ഫോം സ്റ്റാളുകൾ മിക്ക സ്റ്റേഷനുകളിലും അടഞ്ഞു കിടക്കുന്നു.
26. ട്രെയിനുകളിലെ വൃത്തി തീരെ കുറഞ്ഞു. മെയിന്റനൻസ് തീരെ ഇല്ലാതെയായി.
27. മെമു ട്രെയിനുകളുടെ എഞ്ചിന് കവറിട്ട് വന്ദേഭാരത് ട്രെയിനുകൾ ഇറക്കി. മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതുകാരണം സാധാരണ യാത്രക്കാർ ദുരിതത്തിൽ.
28. ട്രെയിൻ സമയം അറിയാനുള്ള NTES ആപ്പിന്റെ ഇന്റർഫേസ് ഓറഞ്ച് കളറാക്കി.
29. IRCTC ആപ്പിന്റെ നിറം ഓറഞ്ചാക്കി. അതിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ ഭാഗ്യം വേണ്ട അവസ്ഥ. അതേ സമയം മറ്റ് ബുക്കിംഗ് ആപ്പുകളിൽ കൂടിയ നിരക്കിൽ ബുക്കിംഗ് നടക്കുകയും ചെയ്യുന്നു.
30. യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും അതനുസരിച്ച് ട്രെയിനുകളോ പുതിയ ലൈനുകളോ ഇല്ലാത്ത അവസ്ഥ.
ഇനിയും ഉണ്ട് പലതും. നിങ്ങൾക്കും കൂട്ടി ചേർക്കാനുണ്ടാവും. ഈയിടെ ട്രെയിനിൽ കയറി തുടങ്ങിയവർക്കും പണക്കാർക്കും ഇതിൽ പറയുന്ന കാര്യങ്ങൾ അവിശ്വസനീയമോ നിസാരമോ ആയി തോന്നും. സാധാരണ മനുഷ്യരുടെ കാര്യമാണ് ഇതിൽ പറഞ്ഞവയെല്ലാം.
By Pradeep Koshy

Back to top button
error: