കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതിയില്‍ ഹോട്ടലുടമയ്‌ക്കെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തു. കാക്കനാട് ലേ ഹയാത്ത് ഹോട്ടലുടമയ്‌ക്കെതിരെ തൃക്കാക്കര പോലീസിന്റേതാണ് നടപടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഹോട്ടലിനെതിരെ പതിനഞ്ചോളം പേര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പാലാ ചെമ്പിളാവ് സ്വദേശി രാഹുല്‍ ഡി നായരാണ് മരിച്ചത്. ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങിക്കഴിച്ച രാഹുലിന് ഭക്ഷ്യവിഷബാധ ഏറ്റുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതേ ഹോട്ടലില്‍ ഭക്ഷണം കഴിച്ച പത്തുപേരാണ് ചികിത്സ തേടിയത്. മരിച്ച രാഹുലിന്റേതുള്‍പ്പെടെ മൂന്നുപേരുടെ രക്തത്തില്‍ സാല്‍മോണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൈക്രോബയോളജി പരിശോധനയില്‍ രാഹുലിന്റെ ശരീരത്തില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
അതേസമയം, യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ ഒന്‍പത് ഹോട്ടലുകള്‍ക്കാണ് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയത്. വൃത്തിഹീനമായി പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. പല ഹോട്ടലുകളിലും പാചകം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതായും കണ്ടെത്തിയിട്ടുണ്ട്.
തൃക്കാക്കര സഹകരണ ആശുപത്രി ക്യാന്റീന്‍ ഉള്‍പ്പെടെ ഒന്‍പത് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് നഗരസഭയുടെ തീരുമാനം.
രാഹുലിന്റെ രാസപരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുട്ട മയോണൈസ് നിരോധിച്ചതാണ്. അതില്‍ വീഴ്ചയുണ്ടായെങ്കില്‍ ഹോട്ടലുകള്‍ പൂട്ടിക്കും. കൂടുതല്‍ നിയന്ത്രങ്ങളെ കുറിച്ച് രാഹുലിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.