KeralaNEWS

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് മുതൽ രാത്രിയിലും സർവീസ് ആരംഭിച്ചു, റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി

     റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്ന് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഇന്നലെ വരെ പകല്‍ സമയത്ത് മാത്രമാണ്  കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനക്രമീകരിച്ചിരുന്നു. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയായതോടെ ആണ് മുഴുവന്‍ സമയ സര്‍വീസ് തുടങ്ങിയത്. ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും.

Signature-ad

ജനുവരിയില്‍ തുടങ്ങിയ റണ്‍വേ റീ കാര്‍പ്പറ്റിംഗ് ജോലി ജൂണില്‍ പൂര്‍ത്തീകരിച്ചെങ്കിലും വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടു പോവുകയായിരുന്നു. മണ്ണ് ലഭ്യമാകാത്തതായിരുന്ന പ്രധാന പ്രശ്നം. മഴ കൂടി തുടങ്ങിയതോടെ ഈ പണി നീണ്ടു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പണികളെല്ലാം പൂര്‍ത്തിയായത്. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായുള്ള 404.18 കോടി രൂപയുടെ കരാർ പ്രവൃത്തികൾ ഏറ്റെടുക്കാൻ ആളില്ല. ആരും ക്വട്ടേഷൻ നൽകാത്തതിനാൽ ഇതുവരെ കരാർ ഉറപ്പിക്കാനായിട്ടില്ല.

റെസ വിപുലീകരണം, അനുബന്ധ പ്രവൃത്തികൾ, അഴുക്കുചാൽ നിർമാണം, മെയിന്റനൻസ് എന്നിവയ്ക്കായാണ് 402.18 കോടി രൂപയുടെ പ്രവൃത്തികൾക്ക് എയർപോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചത്. സെപ്റ്റംബർ അഞ്ചുമുതൽ 13 വരെയായിരുന്നു ക്വട്ടേഷൻ നൽകാനുള്ള സമയം. രണ്ടുഭാഗങ്ങളിലായി സെപ്റ്റംബർ 19-നും ഒക്ടോബർ 11-നുമായിരുന്നു കരാർ ഉറപ്പിക്കേണ്ടത്. ഓൺലൈൻ ടെൻഡർ പോർട്ടലായ സി.പി.പി മുഖേന ഇ-ടെൻഡറാണു വിളിച്ചത്. കുറഞ്ഞത് രണ്ടുപേരെങ്കിലും പങ്കെടുത്താലേ കരാർ ഉറപ്പിക്കാനാകൂ.

Back to top button
error: