KeralaNEWS

കോഴിക്കോട്ട് മാധ്യമ പ്രവർത്തകക്ക് നേരെ ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ അപമര്യാദപരമായ പെരുമാറ്റത്തെ അപലപിച്ച് നെറ്റ് വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ

കോഴിക്കോട്: കോഴിക്കോട്ട് മാധ്യമ പ്രവർത്തകക്ക് നേരെ ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ അപമര്യാദപരമായ പെരുമാറ്റത്തെ അപലപിച്ച് നെറ്റ് വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ. മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച സുരേഷ് ഗോപിയുടെ പെരുമാറ്റം അക്രമോത്സുകമാണ്. ജോലി സ്ഥലത്തെ കയ്യേറ്റമായി മാത്രമേ ഇതിനെ കാണാനാകൂ. സർക്കാർ ഗൗരവമായി ഇതിനെ കണ്ട് ഉടൻ നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു.

‘സുരേഷ് ഗോപി യുടെ ഭാഗത്ത് നിന്ന് ഉണ്ടായ അപമര്യാദയായ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്. ഒരു വനിതാ റിപ്പോർട്ടറുടെ തോളിൽ കൈ വെക്കുന്ന, അദ്ദേഹത്തിൻ്റെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ. ഇത് ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സർക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ജോലി സ്ഥലത്തെ അതിക്രമം എന്ന നിലയിൽ തന്നെ, ഷിദയുടെ തൊഴിൽ സ്ഥപനമായ മീഡിയ വൺ ഈ വിഷയത്തെ സമീപിക്കുകയും നിയമം അനുശാസിക്കുന്ന നടപടി എടുക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നു’.-നെറ്റ് വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ ആവശ്യപ്പെട്ടു.

Signature-ad

അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രം​ഗത്തെത്തി. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയും സുരേഷ് ​ഗോപി ക്ഷമാപണം ന‌ടത്തിയിട്ടുണ്ട്.

Back to top button
error: