ബിഹാറിൽ കോൺഗ്രസിൽ പിളർപ്പ് എന്ന വാർത്ത തള്ളി കോൺഗ്രസ് നേതാവ് കീർത്തി ആസാദ്. ഭരണകക്ഷിയായ ജെഡിയുവിലെ 15 എംഎൽഎമാർ യുപിഎ നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കീർത്തി ആസാദ് പറഞ്ഞു.
ജെഡിയു ഉടൻ പിളരുമെന്ന് കീർത്തി ആസാദ് ചൂണ്ടിക്കാട്ടി. ബിഹാറിൽ മഹാസഖ്യം ഉടൻതന്നെ സർക്കാർ രൂപീകരിക്കും എന്നും കീർത്തി ആസാദ് വ്യക്തമാക്കി. കോൺഗ്രസ്,ആർജെഡി,ഇടതുപാർട്ടികൾ എന്നിവ കൂടിച്ചേർന്നതാണ് ബിഹാറിലെ യുപിഎ.നേരിട്ടും അല്ലാതെയും ജെ ഡി യുവിലെ എംഎൽഎമാർ യുപിഎ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. അവർ ഉടൻതന്നെ ജെഡിയു വിടും.
ബിജെപിയിൽ നിന്ന് പീഡനം സഹിക്കവയ്യാതെയാണ് ജെഡിയു എംഎൽഎ മാർ പാർട്ടി വിടുന്നതെന്ന് കീർത്തി ആസാദ് വ്യക്തമാക്കി. നിതീഷ് കുമാറും ഈ പീഡനം അനുഭവിക്കുന്നുണ്ട്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണ് എന്ന് നിതീഷ് കുമാർ അടുപ്പക്കാരോട് പറഞ്ഞുവെന്നും കീർത്തി ആസാദ് അവകാശപ്പെടുന്നു.കീർത്തി ആസാദിന്റെ അവകാശവാദത്തെ ശരിവെക്കുന്നു എന്നോണം നിതീഷ് കുമാർ ഉടൻതന്നെ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കുമെന്ന വെളിപ്പെടുത്തലുമായി ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ രംഗത്തെത്തി.
ആറുമാസത്തിനുള്ളിൽ നിതീഷ് കുമാർ രാജിവെക്കുമെന്നാണ് ഗോപാൽ മണ്ഡൽ പറയുന്നത്. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ബിഹാറിൽ പുതിയ സർക്കാർ ഉണ്ടാക്കുമെന്ന് ഗോപാൽ മണ്ഡൽ വ്യക്തമാക്കി. ഇത് ബീഹാർ രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിയുമായി 17 ജെഡിയു എംഎൽഎ മാർ നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്ന് ആർജെഡി നേതാവ് ശ്യാം രചക്കും പറഞ്ഞു. 26 എംഎൽഎമാർ ജെഡിയു വിടാൻ തയ്യാറായാൽ പാർട്ടി സ്വീകരിക്കുമെന്ന് രചക് വ്യക്തമാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിൽ ബിജെപി ഏൽപ്പിക്കുന്ന സമ്മർദ്ദത്തെ ജെഡിയു എംഎൽഎമാർ വെറുക്കുന്നുവെന്ന് രജക് പറയുന്നു.
അതേസമയം എൻഡിഎ വിട്ട് മഹാസഖ്യത്തിൽ ചേരാൻ ആർജെഡി നേതാവ് ഉദയ് നാരായണൻ ചൗധരി മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു. ജെഡിയുവിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ശ്രമം.അരുണാചൽ പ്രദേശിലെ ഉദാഹരണം അദ്ദേഹം എടുത്തുകാട്ടി. നിതീഷ് കുമാറിന്റെ ശത്രുവായ ബിജെപി നേതാവ് ചിരാഗ് പാസ്വാൻ താമസിയാതെ കേന്ദ്രമന്ത്രി ആകുമെന്നും അദ്ദേഹം പ്രവചിച്ചു.
എന്നാൽ ജെഡിയു എംഎൽഎ മാർ ആർജെഡിയുമായി ചേരും എന്ന വാർത്ത തെറ്റാണെന്ന് നിതീഷ് കുമാർ പ്രതികരിച്ചു. “ആർക്കും എന്തും പറയാം. എന്നാൽ വസ്തുത അതല്ല “നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
ബിജെപിയുടെ രാജ്യസഭാ എംപിയും മുൻ മുഖ്യമന്ത്രിയുമായ സുശീൽകുമാർ മോഡി ആർജെഡി അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ ആവാത്ത പാർട്ടിയാണ് ആർജെഡി എന്നും അദ്ദേഹം പരിഹസിച്ചു.