ഹെലിക്കോപ്റ്ററില്‍നിന്ന് 10 ലക്ഷം ഡോളര്‍ വിതറി ഇന്‍ഫ്ളുവന്‍സര്‍; ‘കാശുമഴ നഞ്ഞ്’ വന്‍ജനക്കൂട്ടം
പ്രാഗ്: മാനത്തുനിന്നു ‘കാശുമഴ’ പെയ്താല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു ഭാഗ്യമഴ നനഞ്ഞതിന്റെ സന്തോഷത്തിലാണ് ചെക്ക് റിപ്പബ്ലിക്കിലെ ലിസ നാഡ് ലേബം എന്ന പ്രദേശം. അഞ്ചും പത്തും നൂറുമല്ല, പത്തു ലക്ഷം ഡോളറാണ് (ഏകദേശം എട്ടു കോടി രൂപ) ആകാശത്തുനിന്നു നോട്ടുമഴയായി പെയ്തിറങ്ങിയത്!
ഇത്രയും പണം തനിയെയോ അബദ്ധത്തിലോ പറന്നെത്തിയതല്ല എന്നതാണു രസകരം. ടിവി അവതാരകനും ഇന്‍ഫ്ളുവന്‍സറുമായ കാമില്‍ ബര്തോഷ്ക് എന്ന കസ്മയാണ് നാട്ടുകാരെ ഞെട്ടിച്ച് കാശുമഴ പെയ്യിച്ചത്. ഒരു ദശലക്ഷം ഡോളറിന്റെ നോട്ടുകള്‍ നിറച്ച വലിയ പെട്ടി ഹെലികോപ്റ്ററില്‍ തൂക്കിയിട്ടായിരുന്നു പ്രകടനം.
ഒരു മത്സരം നടത്തി വിജയിക്കുന്നയാള്‍ക്ക് ഇത്രയും തുക ഒരുമിച്ചു നല്‍കാനായിരുന്നു കസ്മയുടെ ആദ്യ പദ്ധതി. ഇതു ഫലപ്രദമാകാതെ വന്നപ്പോഴാണു ഹെലികോപ്റ്ററില്‍നിന്നു കറന്‍സി നോട്ടുകള്‍ താഴേക്ക് വലിച്ചെറിയാമെന്ന ആശയത്തിലെത്തിയത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമായി പണം വിതരണം ചെയ്യാമെന്നും തീരുമാനിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ മത്സരാര്‍ഥികള്‍ക്കെല്ലാം രഹസ്യസന്ദേശമടങ്ങിയ ഇമെയില്‍ കസ്മ അയച്ചു. എവിടെയാണ് പണം വിതരണം ചെയ്യുക എന്നതായിരുന്നു ഇതിലെ സന്ദേശം. പറഞ്ഞതുപോലെ പണവുമായി കസ്മ കൃത്യസമയത്ത് ഹെലികോപ്റ്ററുമായി സ്ഥലത്തെത്തി. ലോകത്തിലെ ആദ്യത്തെ ‘കാശുമഴ’ എന്ന പേരില്‍ ഇതിന്റെ വീഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു.
നോട്ടുമഴ പെയ്യുന്ന വിവരമറിഞ്ഞ് ആയിരക്കണക്കിനു പേരാണ് ഇവിടേക്ക് ഓടിയെത്തിയത്. ഒരു മണിക്കൂറിനകം എല്ലാ നോട്ടുകളും പ്ലാസ്റ്റിക് ബാഗുകളിലേക്ക് ആളുകള്‍ വാരിയിട്ടു. കുട നിവര്‍ത്തിപ്പിടിച്ചും കാശ് ശേഖരിച്ചവരുണ്ട്. നാലായിരത്തോളം പേരാണു നോട്ടുകള്‍ ശേഖരിച്ചതെന്നു കസ്മ പറയുന്നു. ക്യുആര്‍ കോഡ് ചേര്‍ത്തിട്ടുള്ള നോട്ടുകള്‍ വേണമെങ്കില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പാവങ്ങള്‍ക്കു സംഭാവന നല്‍കാനും സൗകര്യമുണ്ടായിരുന്നു.
Czech TV personality Kamil Bartoshek drops a millions dollars from a helicopter for his followers in Czech Republic#money #drop #helicopter #stunt #followers #million #dollars #tv #star #celebrity #czech #crazy #wild #awesome #fans #people #viral #videos #daily #trending… pic.twitter.com/c0BbpBfQ5Z
— ClipShow (@Clipshoww) October 25, 2023