ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ 2019 ല്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിക്കാനായി പുറപ്പെട്ട തന്നെ വിമാനത്താവളത്തില്‍ പൂട്ടിയിട്ടെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാണു രാഹുല്‍ ഇക്കാര്യം വിശദീകരിച്ചത്.
സൈനികരുടെ മൃതദേഹങ്ങള്‍ എത്തുന്നതറിഞ്ഞു ഡല്‍ഹി പാലം വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങിയപ്പോള്‍ പോകരുതെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നിട്ടും വിമാനത്താവളത്തിലെത്തി. അവിടെ ഒരു മുറിയില്‍ പൂട്ടിയിട്ടു. മുറി വിട്ടു പുറത്തുപോകരുതെന്നായിരുന്നു നിര്‍ദേശം. പ്രധാനമന്ത്രിയടക്കമുള്ളവര്‍ ആ സമയത്തു വിമാനത്താവളത്തില്‍ എത്തിയിരുന്നു. മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ തനിക്ക് പൊരുതേണ്ടി വന്നതായും രാഹുല്‍ പറഞ്ഞു.
പുല്‍വാമയില്‍ 2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ സത്യപാല്‍ മാലിക്കും അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.
സേനാംഗങ്ങളെ കൊണ്ടുപോകുന്നതിനായി 5 വിമാനങ്ങള്‍ ആവശ്യപ്പെട്ട് സിആര്‍പിഎഫ് നല്‍കിയ അപേക്ഷ 4 മാസം ആഭ്യന്തര മന്ത്രാലയത്തില്‍ കെട്ടിക്കിടന്നു. ഒടുവില്‍ തള്ളി. തുടര്‍ന്നാണു യാത്രയ്ക്ക് റോഡ് മാര്‍ഗം തിരഞ്ഞെടുത്തത്. തന്നോട് ചോദിച്ചിരുന്നെങ്കില്‍ വിമാനം അനുവദിക്കുമായിരുന്നു.
പാക്കിസ്ഥാനില്‍ നിന്നാണു സ്‌ഫോടകവസ്തുക്കള്‍ എത്തിയത്. വാഹനത്തിന്റെ ഡ്രൈവറും മറ്റും മുന്‍പു പിടിയിലായിട്ടും സുരക്ഷാ ഏജന്‍സികള്‍ക്ക് അവരെ നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല. വാഹനവ്യൂഹം കടന്നുപോകുന്ന റോഡിലേക്കുള്ള ഇടവഴികളൊന്നും തടഞ്ഞില്ല.
പുല്‍വാമ സംബന്ധിച്ച് തന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തയായി നല്‍കരുതെന്നു ചാനലുകള്‍ക്കു നിര്‍ദേശമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടത് 10 ദിവസത്തോളം പ്രധാന വാര്‍ത്തയായെന്നും സത്യപാല്‍ മാലിക് പറഞ്ഞു. അതീഖിന്റെ കൊലപാതക വാര്‍ത്ത കണ്ടപ്പോള്‍ പുല്‍വാമ വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്ന് താന്‍ സഹോദരിയോടു പറഞ്ഞുവെന്നു രാഹുലും പറഞ്ഞു.
ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കണമെന്നു കേന്ദ്രത്തോടു പല തവണ ആവശ്യപ്പെട്ടപ്പോഴും, എല്ലാം നന്നായി പോകുന്നുണ്ടല്ലോ, പിന്നെന്തിനാണ് ഇത്തരമൊരു ആവശ്യം എന്നായിരുന്നു മറുപടിയെന്നും സത്യപാല്‍ മാലിക് പറഞ്ഞു.