ആവര്‍ത്തിച്ച് കീഴടക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും വീണ്ടും വീണ്ടും പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ് ജറൂസലേം. ലോകത്തിലെ ഏറ്റവും പവിത്രമായ നഗരമായും ജറുസലേം വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
അതിപുരാതന ചരിത്രമുള്ള ഭൂമിയിലെ ഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ജറുസലേം ഏറ്റവും കൂടുതല്‍ ആക്രമത്തിനിരയായ പ്രദേശം കൂടിയാണ്.ഈ പ്രദേശം സ്വന്തമാക്കാനായി ജൂതൻമാരുമായി ഇസ്ലാം മത വിശ്വാസികൾ ഒട്ടേറെ യുദ്ധങ്ങള്‍ നടത്തിയതായി ചരിത്രം പറയുന്നു.
ബിസി 1000ല്‍ ഡേവിഡ് (ദാവീദ്) രാജാവ് ജറുസലേമിനെ ജൂത രാജ്യത്തിന്റെ തലസ്ഥാനമാക്കിയതോടെയാണ് ജറൂസലേം ചരിത്രത്തിൽ അറിയപ്പെട്ടു തുടങ്ങുന്നത്. ദാവീദ് രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ആദ്യത്തെ പള്ളിയായ ജറൂസലേം ദേവാലയം.
യഹൂദമതത്തിലെയും ക്രൈസ്തവ മതത്തിലേയും ഏറ്റവും വിശുദ്ധമായ സ്ഥലമാണ് ജറൂസലേം ദേവാലയം. അബ്രഹാമിന്റെ മകന്‍ ഇസഹാക്കിന്റെ ബലിസ്ഥലമാണിത്. യഹൂദ, ക്രൈസ്തവ വിശ്വാസം അനുസരിച്ച്, അബ്രഹാം തന്റെ വിശ്വാസം തെളിയിക്കാനുള്ള ദൈവത്തിന്റെ ആവശ്യപ്രകാരം മകന്‍ ഐസക്കിനെ ബലിയര്‍പ്പിക്കാന്‍ പോയി. എന്നാല്‍, ദൈവം അവനുവേണ്ടി പ്രത്യക്ഷപ്പെടുകയും അവന്റെ മകനെ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ബൈബിളിലെ പഴയ നിയമത്തിൽ ഈ സ്ഥലത്തെപ്പറ്റി നിരവധി തവണ പരാമര്‍ശിക്കുന്നുണ്ട്. പുതിയ നിയമമനുസരിച്ച് കർത്താവിന്റെ മടങ്ങിവരവിൽ ഇവിടെ ജെറുസലേം പള്ളി പുനർനിർമ്മിക്കും എന്ന് പറയുന്നുണ്ട്. ക്രിസ്തു കുഞ്ഞായിരിക്കുമ്ബോള്‍ തന്നെ ജെറുസലേമിൽ എത്തിയിരുന്നു. അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും അവരെ സുഖപ്പെടുത്തുകയും ചെയ്തത് ഇവിടെ വെച്ചായിരുന്നു.ജെറുസലേം ദേവാലയത്തിലെ പ്രാവ് വിൽപ്പനക്കാരെയും കള്ള പരീശൻമാരേയും യേശു ചാട്ടവാറിനടിച്ച് പുറത്താക്കിയിട്ടുണ്ട്.ഇതാണ് യഹൂദ പ്രമാണിമാരെ പ്രകോപിപ്പിച്ചതും യേശുവിനെ കുരിശിൽ തറച്ചു കൊല്ലാനുള്ള പ്രധാന കാരണവും. യേശുവിനെ ക്രൂശിക്കുകയും പിന്നീട് യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത സ്ഥലത്താണ് ഇന്നത്തെ ഹോളി സെപല്‍ച്ചര്‍ ചര്‍ച്ച് സ്ഥിതിചെയ്യുന്നത്.
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി ക്രൈസ്തവർ ആഘോഷിക്കുന്നതാണ് ഓശാന പെരുന്നാൾ.യേശുവിന്റെ അന്ത്യ അത്താഴം (പെസഹാ) ഇവിടെ വച്ചായിരുന്നു.ശിഷ്യൻമാരുടെ കാലുകൾ യേശു കഴുകിയതും ഇവിടെ വച്ചുതന്നെ. .
പെസഹാ തിരുന്നാളിന് ഇസ്രയേൽ ജനം അവരുടെ ആദ്യഫലങ്ങൾ ദൈവത്തിന് കാഴ്ചയായി അർപ്പിച്ചിരുന്നതായി ബൈബിളിലെ പഴയനിയമത്തിലുള്ള പുറപ്പാട് പുസ്തകത്തിൽ കാണാം. സംഖ്യാപുസ്തകം ഏഴാം അധ്യായത്തിലും യഹൂദന്മാരുടെ പെസഹാ പെരുനാളിനെപ്പറ്റി വിവരിക്കുന്നുണ്ട്.
ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് ദാവീദ് രാജാവ് സംഭരിച്ച വിഭവങ്ങള്‍ ഉപയോഗിച്ചു മകന്‍ സോളമനാണു ജെറുസലേം ദേവാലയം ആദ്യം നിര്‍മിച്ചത്.സീനായ് മലയില്‍ വച്ചു ദൈവം മോശയ്ക്കു നല്കിയ ഉടമ്പടി പത്രിക സൂക്ഷിക്കുന്നതിന്, അവിടുത്തെ കല്പനയനുസരിച്ച് ഒരു സാക്ഷ്യപേടകം (നിയമപേടകം, വാഗ്ദാനപേടകം) നിര്‍മിക്കുകയുണ്ടായി. മോശയുടെ നിര്‍ദ്ദേശപ്രകാരം ബസാലേല്‍ എന്ന ശില്പിയാണത് പണിതീര്‍ത്തത്. സാക്ഷ്യപേടകം സൂക്ഷിക്കാന്‍ ഒരു സാക്ഷ്യകൂടാരവും നിര്‍മിച്ചു. ഇസ്രായേല്‍ക്കാര്‍ക്കിടയില്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളമായി സാക്ഷ്യപേടകം പരിഗണിക്കപ്പെട്ടു.
മരുഭൂമിയില്‍ ചുറ്റിത്തിരിഞ്ഞ 40 വര്‍ഷം ഇസ്രായേല്‍ക്കാര്‍ സാക്ഷ്യപേടകം തങ്ങളുടെ ശക്തികേന്ദ്രമായി ഒപ്പം കൊണ്ടുനടന്നു. ദൈവകല്പനകള്‍ ലഭിച്ചിരുന്നത് ആ പേടകം വഴിയായിരുന്നു. യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും അടയാളങ്ങളും ആ പേടകത്തില്‍നിന്നുതന്നെ ലഭിച്ചു. കര്‍ത്താവിന്‍റെ ചൈതന്യം പകല്‍ മേഘത്തൂണായും രാത്രിയില്‍ അഗ്നിസ്തംഭമായും സാക്ഷ്യകൂടാരത്തിനു മുകളില്‍ വഴികാട്ടി നിന്നു.
കാനാന്‍ ദേശത്തെത്തി വാസമുറപ്പിച്ച ഇസ്രായേല്‍ക്കാര്‍ അവരുടെ ചരിത്രത്തിന്‍റെ സുവര്‍ണദശയിലേക്കു കടന്നു. ന്യായാധിപന്മാരും രാജാക്കന്മാരും പ്രവാചകന്മാരും അവരുടെ പ്രതാപവും ഐശ്വര്യവും നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിച്ചു. ഈ കാലഘട്ടത്തിലാണു ദൈവം നാഥാന്‍ പ്രവാചകന്‍ വഴി സാക്ഷ്യകൂടാരം സൂക്ഷിക്കാന്‍ ഒരു ദേവാലയം നിര്‍മിക്കുക എന്ന കല്പന ദാവീദിനു നല്കിയത്.
ദാവീദിനു താന്‍ ആഗ്രഹിച്ചതുപോലെ കര്‍ത്താവിന്‍റെ ആലയം പണി തീര്‍ക്കാന്‍ കഴിഞ്ഞില്ല. പുത്രന്‍ സോളമന്‍ രാജാവായശേഷം ഏഴു വര്‍ഷംകൊണ്ടാണു ദേവാലയം പൂര്‍ത്തിയാക്കിയത്. സീയോനില്‍ സൂക്ഷിച്ചിരുന്ന വാഗ്ദാനപേടകം ആഘോഷപൂര്‍വം ദേവാലയത്തില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. കര്‍ത്താവിന് എന്നേക്കും വസിക്കാന്‍ മഹനീയമായ ഒരാലയം ഞാന്‍ നിര്‍മിച്ചിരിക്കുന്നു എന്നു സോളമന്‍ ചാരിതാര്‍ത്ഥ്യം കൊണ്ടു (1 രാജാ. 8:13).
ദേവാലയം നിര്‍മിച്ചു 23 വര്‍ഷങ്ങള്‍ക്കുശേഷം സോളമന്‍റെ പുത്രന്‍ റഹോബോവാം നാടു വാഴുന്ന കാലത്ത് ഈജിപ്ത് രാജാവ് ഷിഷാക്ക് ജെറുസലേം ആക്രമിച്ചു ദേവാലയത്തിലെ വിലപ്പെട്ടതെല്ലാം കവര്‍ന്നുകൊണ്ടു പോയി.350 വര്‍ഷം പിന്നിട്ടപ്പോള്‍, ബി.സി. 587-ല്‍ ബാബിലോണ്‍ രാജാവു നെബുക്കദ്നാസര്‍ ജെറുസലേം ആക്രമിച്ചു കീഴടക്കുകയും ദേവാലയത്തില്‍നിന്നു ഭക്ഷണപാത്രങ്ങളുള്‍പ്പെടെ സ്വര്‍ണത്തിലും വെള്ളിയിലുമുള്ളതെല്ലാം അരിച്ചുപെറുക്കി കൊണ്ടുപോവുകയും ചെയ്തു.പിന്നീട് ദേവലയം തകര്‍ത്തുകളയുകയും ഇസ്രായേല്‍ക്കാരെ അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു.
ബാബിലോണ്‍ അടിമത്തത്തില്‍നിന്ന് ബി.സി. 537-ല്‍ സൈറസ് രാജാവിന്‍റെ കല്പനപ്രകാരം മോചിതരായ യഹൂദര്‍ ജെറുസലേമില്‍ തിരിച്ചെത്തിയപ്പോള്‍ ദേവാലയപുനഃരുദ്ധാരണവും നടന്നു. ഇസ്രായേല്‍ ജനതയെ ബാബിലോണില്‍ നിന്നു തിരികെ നയിച്ച നോതാക്കളിലൊരാളായ സെരുബാബേലിന്‍റെ നേതൃത്വത്തിലാണു ദേവാലയ പുനര്‍നിര്‍മാണം നടന്നത്.
വീണ്ടും ബി.സി. 168-ല്‍ സിറിയന്‍ രാജാവായ അന്തയോക്കസ് എപ്പിഫാനസ് ജെറുസലേം കീഴടക്കി ദേവാലയം കൊള്ളയടിച്ചു.എങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കകം ഇസ്രായേല്‍ക്കാര്‍ സംഘടിച്ചു എപ്പിഫാനസിന്‍റെ ആക്രമണങ്ങള്‍ ചെറുക്കുകയും നാട്ടില്‍ നിന്നു തുരത്തുകയും ചെയ്തു. തുടര്‍ന്നു ദേവാലയം പുനരുദ്ധരിച്ചു.അക്കാലത്തു ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായിരുന്നു ഈ ദേവാലയം.
എന്നാൽ ഏ.ഡി. 70-ല്‍ റോമന്‍ ചക്രവര്‍ത്തി വേസ്പാസ്യന്‍റെ പുത്രന്‍ ടൈറ്റസിന്‍റെ നേതൃത്വത്തിലെത്തിയ സൈന്യം ജെറുസലേം നഗരവും ദേവാലയവും കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ത്തുകളഞ്ഞു.അങ്ങനെ യേശുവിന്‍റെ വാക്കുകള്‍ നിറവേറി (ലൂക്കാ 21:5-6).
(ജെറുസലേം പള്ളിയിൽ കച്ചവടവും ചുങ്കം പിരിവും ഉൾപ്പെടെ ദൈവത്തെ മറന്നുള്ള യഹൂദ പ്രമാണിമാരുടെയും പരീശൻമാരുടെയും പ്രവർത്തികൾ യേശുവിൽ കോപം ജ്വലിപ്പിച്ചിരുന്നു.കല്ലിൻമേൽ കല്ലവശേഷിപ്പിക്കാതെ ഞാനിത് തകർത്തു കളയുമെന്ന് യേശു പറഞ്ഞിരുന്നു)
ഇസ്രായേല്‍ക്കാര്‍ക്ക് ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഒരോയൊരു സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. അത് ജെറുസലേം ദേവാലയം ആയിരുന്നു. അനീതിപരമായ കച്ചവടം ദേവലയത്തില്‍ അനുവദിക്കുക വഴി ദേവാലയാധികാരികള്‍ അവിടം അശുദ്ധമാക്കിയിരുന്നു. ബലി മൃഗങ്ങളെ വിറ്റും പണം കൈമാറ്റം ചെയ്തും അവര്‍ തീര്‍ത്ഥാടകരെ ചൂഷണം ചെയ്തു.
യോഹന്നാന്‍ 2. 13 – 22
“യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറുസലേമിലേക്ക് പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയമാറ്റക്കാരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറു കൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടും കൂടെ ദേവാലയത്തില്‍ നിന്ന് പുറത്താക്കി. നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവട സ്ഥലമാക്കരുത്.”
യേശുവിന്റെ തീക്ഷണമായ പ്രവര്‍ത്തി കണ്ട് യഹൂദര്‍ ഞെട്ടിപ്പോയി. തന്റെ പിതാവിന്റെ ആലയം എന്നു പറഞ്ഞ് താന്‍ ദൈവപുത്രനാണ് എന്ന് അവിടുന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ അവർ യേശുവിനെതിരെ തിരിയുകയും അന്നത്തെ ഭരണാധികാരികളായ പിലാത്തോസിന്റെയും ഹെരോദാവിന്റെയും സഹായത്തോടെ യേശുവിനെ കുരിശിൽ തറച്ചു കൊല്ലുകയുമായിരുന്നു.
ജറുസലേമിന്റെ ആധുനിക ചരിത്രത്തില്‍ പറയുന്നത് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, ഗ്രേറ്റ് ബ്രിട്ടന്‍ ആണ് ഈ ഭൂമി സ്വന്തമാക്കുന്നത് എന്നാണ്. പിന്നീട് 1948ല്‍ പലസ്തീനും ഇസ്രായേലുമായി വിഭജിക്കപ്പെട്ടു. ഇതിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുന്നത്.
എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് ആദ്യ മുസ്ലിം താമസക്കാര്‍ ജെറുസലേമില്‍ എത്തുന്നത്. പിന്നീട് 1917ല്‍ ബ്രിട്ടീഷുകാര്‍ കയ്യേറും വരെ അവിടം മാറിമാറി വിവിധ മുസ്ലീം രാജവംശങ്ങളുടെ അധീനതയിലായിരുന്നു. ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടതോടെ അവിടം മതപരമായി വിഭജിക്കപ്പെടുകയും ചെയ്തു.ജെറുസലേമിലെ ടെമ്പിൾ മൗണ്ട് ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് കണക്കാക്കപ്പെടുന്നത്. സൗദി അറേബ്യയിലെ മക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ പ്രദേശമാണിത്. ഇവിടെനിന്നാണ് പ്രവാചകന്‍ മുഹമ്മദ് സ്വര്‍ഗത്തിലേക്ക് കയറിയതെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.
‘വിശുദ്ധം’ അല്ലെങ്കില്‍ ‘വിശുദ്ധ സങ്കേതം’ എന്നര്‍ഥമുള്ള പേരാണ് ജറുസലേം. ഹീബ്രു ഭാഷയില്‍ യെരുശലേം എന്നും അറബിയില്‍ അല്‍ ഖുദ്‌സ് എന്നും ജറുസലേം അറിയപ്പെടുന്നു.