പല കുഞ്ഞൻ ബാക്ടീരിയകളും ഉഗ്രവിഷങ്ങൾ ( ടോക്സിൻസ് ) ഉത്പാദിപ്പിക്കാൻ മിടുക്കരാണ്…ഇത്തരം ബാക്ടീരിയ ഷവർമയിലെ മയൊണേസിലും മറ്റു പഴകിയ ഭക്ഷണസാധനങ്ങളിലും വളരുമ്പോൾ അവ ഉത്പാദിപ്പിക്കുന്ന വിഷങ്ങളും ( ടോക്സിൻസ് ) ഇത്തരം ഭക്ഷണങ്ങളിൽ കലരും.
അതായത്, ബാക്ടീരിയ കേടായ ഭക്ഷണം കഴിക്കുന്ന ആളുടെ ശരീരത്തിൽ കടന്ന് പെറ്റുപെരുകി അണുബാധ ഉണ്ടാക്കിയല്ല, മറിച്ച് ഭക്ഷണത്തിൽ കലർന്നിരിക്കുന്ന ഇത്തരം ബാക്ടീരിയൽ ടോക്സിൻസ് ശരീരത്തിൽ കടക്കുന്നതു കൊണ്ടാണ് പല ഫുഡ് പോയ്സണിങ്ങുകളും ഉണ്ടാകുന്നത് എന്നർത്ഥം.
സ്റ്റാഫിലോകോക്കസ് , ക്ലോസ്ട്രിഡിയം തുടങ്ങിയ ബാക്ടീരിയകൾ, ഇങ്ങനെ നോക്കിയാൽ രാജവെമ്പാലയെക്കാൾ അപകടകാരികളാണ് ! ഇത്തരം പലജാതി ഭക്ഷ്യ വിഷബാധകളിലെ ഏറ്റവും ഭീകരനാണ് “ബോട്ടുലിസം”.ക്ലോസ്ട്രിഡിയം ബോട്ടുലിനം (Clostridium botulinum) എന്ന ഒരു ബാക്ടീരിയ ഭക്ഷണത്തിൽ കടന്നു കൂടി, “ബോട്ടുലിനം ടോക്സിൻ” എന്ന വിഷവസ്തു ഉത്പാദിപ്പിക്കും. അത് ചീത്തയായ ഭക്ഷണം കഴിക്കുന്ന ആളുടെ ഉള്ളിൽ ചെന്നാണ് ബോട്ടുലിസം ഉണ്ടാകുന്നത്.ഇത് മാംസപേശികള തളർത്തിക്കളയുകയും നാഡീവ്യൂഹത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കുകയും ചെയ്യും.
ഷവർമയിൽ നിന്നുണ്ടാകുന്ന ഭക്ഷ്യവിഷബാധ അധികവും പഴകിയ മയൊണൈസ് ഉപയോഗിക്കുന്നത് മൂലമുള്ളതാണെന്നാണ് നിലവിലുള്ള വിലയിരുത്തല്‍. സമയം കഴിഞ്ഞ മയൊണൈസ് ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ മയൊണൈസ് മാത്രമല്ല, പഴകിയ ഇറച്ചിയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.
വൃത്തിയായും, ഗുണമേന്മയോടെയും തയ്യാറാക്കുകയാണെങ്കില്‍ ഷവര്‍മ്മ ഒരിക്കലും അപകടകാരിയായ വിഭവമല്ല. അത്തരം നിഗമനങ്ങളിലേക്ക് എത്തേണ്ട കാര്യമില്ല. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നത് വസ്തുത തന്നെയാണ്.