ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ ലോകത്തിനിട്ട് പണി തുടങ്ങിയിട്ട് നാലു വർഷം പൂർത്തിയാകാൻ ഇനി രണ്ടു മാസം തികച്ചില്ല.ഇതിനകം എത്രപേരെ ലവൻ കൊന്നൊടുക്കി…എത്രപേരെ രോഗിയാക്കി…? എത്ര പേരുടെ അന്നവും ജോലിയും മുട്ടിച്ചു.സ്വന്തം വീടിനുള്ളിൽപ്പോലും എത്രപേരെ അപരിചിതരെപ്പോലെ മൂലയ്ക്കിരുത്തി.ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസിനു മുന്നിൽ ലോകം തന്നെ നിശ്ചലമായ രണ്ടു വർഷങ്ങൾ..!!
എല്ലാം പോസിറ്റീവായി കാണുകയും കാണണമെന്ന് പറയുകയും ചെയ്യുന്നവരാണ് നമ്മൾ.എന്നാൽ കോവിഡ് പോസിറ്റീവ് എന്ന് കേൾക്കേണ്ട താമസം ഓടിയൊളിക്കുകയും ചെയ്യും.സ്വന്തം വീട്ടിൽ ഇരുന്നു പോലും മര്യാദയ്ക്ക് ഒന്നു തുമ്മാനോ മൂക്കു ചീറ്റാനോ സ്വാതന്ത്ര്യം ഇല്ലാതിരുന്ന നാളുകൾ.അല്ലെങ്കിൽ ഭയപ്പെട്ടിരുന്ന കാലം.കാരണം ആ നിമിഷം അയൽപക്കക്കാരൻ മൊബൈൽ എടുക്കും. അടുത്ത നിമിഷം സൈറൺ മുഴക്കി ആംബുലൻസ് വീട്ടുമുറ്റത്ത് പാഞ്ഞെത്തും.പിന്നെ മറ്റേതോ ഗ്രഹങ്ങളിൽ നിന്ന് വന്നിറങ്ങിയവരെപ്പോലെ മുഖമടക്കം വെളുത്ത ആവരണം ധരിച്ച കുറച്ചു പേർ വന്ന് തൂക്കിയെടുത്തുകൊണ്ട് ഒരുപോക്കങ്ങു പോകുകയും ചെയ്യും.പോകുന്നതെങ്ങോട്ടെന്ന് അവനോ വീട്ടുകാർക്കോ ഒരു പിടിയും കാണുകയുമില്ല; ചിലപ്പോൾ കൊണ്ടുപോകുന്നവർക്കും..
സ്വന്തം വീടിനുള്ളിൽ ആരെയും കയറ്റാതെ അടച്ചുപൂട്ടി ഇരിക്കുമ്പോഴും ഒരു കണ്ണും കാതും അയൽപക്കത്തേക്ക് തുറന്നുവച്ചവരെ ഈ അവസ്ഥയിലും നമിക്കാതെ തരമില്ല.അതിർത്തി കാക്കുന്ന സൈനികർക്ക് പോലും ഇത്രയും ശ്രദ്ധയും ജാഗ്രതയും ഉണ്ടാവില്ല.ഇസ്രായേലിന്റെ മൊസാദിനേക്കാൾ വലിയ ചാരപ്പണികളാണ് കോവിഡ്കാലത്ത് ഇങ്ങനെ കേരളത്തിലെ ഓരോ മുക്കിലും മൂലയിലും നടന്നത്.ഒറ്റപ്പെടുത്തലുകളുടെയും ഒറ്റപ്പെടലുകളുടെയും ഒറ്റുകളുടെയും വേദന അനുഭവിച്ചവർ എത്രയെന്ന് വിവരിക്കാൻ സാധിക്കില്ല.ഇന്ന് അതെല്ലാം മാറിയിരിക്കുന്നു.ഒരു സാധാരണ പനി എന്ന നിലയിലേക്ക് കോവിഡിനെ ജനം കണ്ടു തുടങ്ങിയിരിക്കുന്നു.ഇവിടെ ജനിതകമാറ്റം വന്നത് വൈറസ്സിനായിരുന്നോ, മനുഷ്യനായിരുന്നോ എന്നൊരു സംശയം മാത്രം.
പതിനായിരം പേരിൽ കുറയാതെ ആളുണ്ടാവും മകളുടെ കല്യാണത്തിന് എന്നു പറഞ്ഞിരുന്ന അച്ഛൻമാരുടെയും ലക്ഷങ്ങളുടെ മാർബിൾ കല്ലറയിലെ ശവം അടക്കുവെന്ന് വാശിപിടിച്ചിരുന്ന ,അച്ചൻമാരുടെ പള്ളികളിലെ വിശ്വാസികളുടെയുമൊക്കെ അവസ്ഥയെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കിക്കേ! പള്ളിയും പള്ളിക്കൂടവും മാത്രമല്ല അത്ഭുതങ്ങളും ദിവ്യാത്ഭുതങ്ങളും കാട്ടിയിരുന്നവരുടെ ‘ആലയങ്ങൾ’ വരെ ആളൊഴിഞ്ഞ് മാസങ്ങളോളം അടഞ്ഞുകിടന്നതും,ലക്ഷക്കണക്കിന് ആളുകളെ കെട്ടിപ്പിടുത്തം കൊണ്ടും പ്രാർത്ഥന കൊണ്ടും ചുംബനം കൊണ്ടും രോഗശാന്തി നൽകിയവർ ഇഞ്ചക്ഷൻ എടുക്കാനായി വെയിലും മഴയും കൊണ്ട് വരി നിൽക്കുന്ന കാഴ്ചയ്ക്കും കോവിഡ് കാലം സാക്ഷ്യം വഹിച്ചു.
ദൈവങ്ങളും ആൾദൈവങ്ങളും നിസ്സഹായരായിടത്ത് ഒടുവിൽ ശാസ്ത്രം അതിന്റെ വിജയം കാണുകയും ചെയ്തു.അതെ,നിശ്ചലമായിപ്പോയ ലോകം ഇന്നു തിരിച്ചുവരവിന്റെ പാതയിലാണ്.എങ്ങുനിന്നും കേൾക്കുന്നത് അതിന്റെ ശുഭ സൂചനകൾ തന്നെ.കാലചക്രം ഇനിയും മുന്നോട്ടുരുളും.എങ്കിലും ഇതേപോലൊന്ന് ഇനിയൊരിക്കലും ലോകത്ത് ഉണ്ടാകാനിടവരരുതേ എന്ന് ആശിച്ചുപോകുകയാണ്.
2019 ഡിസംബർ 10 ന് ചൈനയിലെ വുഹാനിൽ ഹ്വാനൻ സമുദ്രോത്പന്ന മാർക്കറ്റിലെ വ്യാപാരിയായ വേയ് ഗുക്സ്യനായിരുന്നു കോവിഡിന്റെ ആദ്യത്തെ ഇര.തുടർന്ന് 2020 ജനുവരി 30ന് വൈറസ് ബാധിതരുടെ എണ്ണം 8234-ൽ നിൽക്കെ ലോകാരോഗ്യ സംഘടന കോവിഡ് 19 വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.
ഇതേദിവസമാണ് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാർഥിക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്.അതിനു ശേഷം കേരളത്തില്‍ രണ്ട് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഫെബ്രുവരി 1ന് രണ്ടാമത്തെ കേസും ഫെബ്രുവരി മൂന്നിന് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് മൂന്നാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്തു.ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നും കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരുള്‍പ്പെടെ അഞ്ചു പേര്‍ക്കുമായിരുന്നു കേരളത്തില്‍ അടുത്ത കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.മാര്‍ച്ച് എട്ടിനായിരുന്നു ഇത്. പത്തനംതിട്ട റാന്നി സ്വദേശികളായിരുന്നു ഇവർ.
2021 ജനുവരി 30 വരെയുള്ള കണക്കുകൾ പ്രകാരം, ലോകത്തിലെ 209 രാജ്യങ്ങളിലും ടെറിട്ടറികളിലുമായി 10 കോടി 10 ലക്ഷം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട്.ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 21 ലക്ഷത്തിൽപരം പേർ മരണപ്പെടുകയും ചെയ്തു.ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം കേരളത്തിൽ കോവിഡ് ബാധിച്ചുള്ള
മരണം 27,765 ആണ്..ആകെ രോഗികൾ പതിനഞ്ചു ലക്ഷത്തിനടുത്തും വരും.. ലഭ്യമായ കണക്കാ അനുസരിച്ച് രാജ്യത്ത് 3.05 കോടി പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്(കണക്കുകൾക്ക് മാധ്യമങ്ങളോട് കടപ്പാട്)
തകരയും താളിയും ചക്കക്കുരുവും മലയാളികളുടെ തീൻമേശയിലേക്ക് തിരികെയെത്തുകയും മലയാളി മണ്ണിലേക്ക് തിരികെ ഇറങ്ങുകയും ചെയ്തതായിരുന്നു കോവിഡ് ദുരിതകാലത്തെ ഏറ്റവും നല്ല കാഴ്ച.ലോക്ഡൗണും കണ്ടയിന്‍മെന്റ് സോണും തുടങ്ങി അത്ര പരിചിതമല്ലാത്ത പദങ്ങൾക്കൊപ്പം ഹെൽമറ്റ് വയ്ക്കാൻ മടിക്കുന്നവർ പോലും മാസ്ക് വച്ച് സ്കൂട്ടറിൽ പോകുന്ന കാഴ്ചയ്ക്കും കോവിഡ്കാലം സാക്ഷ്യം വഹിച്ചു.പട്ടിണിയിലും അല്ലാതെയും പൊരിവെയിലത്ത് നിന്നുകൊണ്ട് വഴിയാത്രക്കാരോടും വാഹനം ഓടിക്കുന്നവരോടും നിങ്ങൾ വല്ലതും കഴിച്ചോ എന്ന് ചോദിച്ച് ഭക്ഷണവും വെള്ളവും വിളിച്ചുകൊടുത്ത്, സഹജീവി സ്നേഹത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ഉത്തമ മാതൃക കാട്ടിയ പോലീസുകാരെയും സന്നദ്ധ സംഘടനകളെയും മറ്റുള്ളവരെയും രാപ്പകലില്ലാതെ അദ്ധ്വാനിച്ച ആരോഗ്യ പ്രവർത്തകരെയും ഒരു നിമിഷം ഓർക്കാതെ കോവിഡിന്റ ഈ വഴിയാത്ര പൂർണ്ണമാകില്ല.ഒപ്പം നിങ്ങൾ കോവിഡ് പരത്തുമെന്നും പറഞ്ഞ് ആശുപത്രി ജീവനക്കാർക്ക് ഭ്രഷ്ട് കൽപ്പിച്ച ആ ഹൗസ് ഓണർമാരെയും!