NEWSSports

ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ;4 വിക്കറ്റിന് ന്യൂസിലൻഡിനെയും തകർത്തു

ധര്‍മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ നാലു വിക്കറ്റിന് തകർത്ത് അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ.കളിച്ച നാലു മത്സരങ്ങളും ജയിച്ചാണ് ഇന്ന് ഇരു ടീമുകളും നേർക്കുനേർ മത്സരത്തിനെത്തിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും രച്ചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ച്വറിയുടെയും കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. ഒരുഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച കിവീസിനെ ഡെത്ത് ഓവറുകളിലെ ബൗളിങ് മികവില്‍ ഇന്ത്യ 273 റണ്‍സിലൊതുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Signature-ad

ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി തന്‍റെ ആദ്യ പന്തില്‍ തന്നെ വില്‍ യങ്ങിന്‍റെ (27 പന്തില്‍ 17) കുറ്റിയിളക്കിയാണ് തിരിച്ചു വരവ് ഗംഭീരമാക്കിയത്.

ജയിക്കാൻ 274 റൺസെടുക്കേണ്ടിയിരുന്ന ഇന്ത്യ, 48 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. വിരാട് കോഹ്‌ലി ഒരിക്കൽക്കൂടി ചെയ്‌സ് മാസ്റ്റർ എന്ന വിശേഷണം അന്വർഥമാക്കി. 104 പന്ത് നേരിട്ട കോഹ്‌ലി എട്ടു ഫോറും രണ്ടു സിക്സും സഹിതം 95 റൺസെടുത്തു.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. പരുക്കേറ്റ ഹാർദിക് പാണ്ഡ്യക്കു പകരം സൂര്യകുമാർ യാദവ് ടീമിലെത്തി. എന്നാൽ, ശാർദൂൽ ഠാക്കൂറിനു പകരം കളിച്ച മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വമ്പൻ സ്കോറിലേക്കു നീങ്ങുകയായിരുന്ന കിവികളെ പിടിച്ചുനിർത്തിയത്. ഷമി തന്നെയാണ് മാൻ ഓഫ് ദ മാച്ച്.

മറുപടി ബാറ്റിങ്ങിൽ രോഹിത്തും ശുഭ്‌മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് ഒരിക്കൽക്കൂടി വെടിക്കെട്ട് തുടക്കം നൽകി. 11.1 ഓവറിൽ ടീം സ്കോർ 71 റൺസിലെത്തിയപ്പോഴാണ് രോഹിത് പുറത്താകുന്നത്. 40 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 46 റൺസായിരുന്നു സമ്പാദ്യം.പിന്നാലെ, ഗില്ലും (26) ശ്രേയസ് അയ്യരും (33) കെ.എൽ. രാഹുലും (27) പുറത്തായി.

 

എന്നാൽ, ഒരു വശത്ത് ഉറച്ചു നിൽക്കുകയായിരുന്ന കോഹ്‌ലിക്ക് ഏഴാം നമ്പറിലിറങ്ങിയ രവീന്ദ്ര ജഡേജ മികച്ച പങ്കാളിയായി. 44 പന്തിൽ 39 റൺസായിരുന്നു ജഡേജയുടെ സമ്പാദ്യം.

ഇതോടെ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Back to top button
error: