വീണാവിജയന്റെ എക്സാലോജിക് കമ്പനി ശശിധരൻ കർത്തയുടെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി ധനവകുപ്പ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുഴൽനാടൻ മാപ്പു പറയണമെന്ന എ.കെ ബാലന്റെ ആവശ്യത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. ധനവകുപ്പ് അയച്ച കത്ത് ലഭിച്ചിട്ടില്ല, അതു ലഭിച്ചശേഷം വിശദമായ മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഇന്നു രാവിലെയാണ് എ.കെ ബാലന്റെ പ്രതികരണം കണ്ടത്. ഞാൻ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പു പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടന്നത്. ഞാൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഉത്തമ ബോധ്യമുണ്ട്. അതൊന്നും ഞാൻ വിസ്മരിച്ചിട്ടില്ല. ജിഎസ്ടി, മാസപ്പടി വിഷയങ്ങളിൽ ഞാൻ ഉന്നയിച്ച കാര്യങ്ങളിൽനിന്ന് ഒളിച്ചോടില്ലെന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.’ കുഴൽനാടൻ വ്യക്തമാക്കി.
‘എന്റെ ഭാഗം കൂടി കേട്ടശേഷം ഞാൻ മാപ്പു പറയേണ്ടതുണ്ടോ എന്നു ജനം വിലയിരുത്തട്ടെ. കേരളത്തിന്റെ പൊതുസമൂഹം ഇത്രയേറെ ചർച്ച ചെയ്ത വിഷയത്തിൽ വ്യക്തത വരുത്തുന്നതിനാണല്ലോ ധനവകുപ്പ് ഈ കത്ത് നൽകിയിരിക്കുന്നത്. പണം അടച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്നാണ് പണം അടച്ചത്, എത്ര രൂപയാണ് അടച്ചത് തുടങ്ങിയ കാര്യങ്ങളുണ്ടെങ്കിലാണ് അതിൽ വ്യക്തത വരൂ. സ്വാഭാവികമായും എനിക്കുള്ള ധനവകുപ്പിന്റെ കത്തിൽ അക്കാര്യങ്ങളെല്ലാം ഉണ്ടോ എന്നറിയാനാണ് ഞാനും കാത്തിരിക്കുന്നത്. ധനവകുപ്പിന്റെ മറുപടി എനിക്ക് ലഭിച്ചിട്ടില്ല. മാധ്യമങ്ങൾക്ക് ലഭിച്ച പകർപ്പ് എനിക്ക് വാട്സാപ്പിൽ ലഭിച്ചിട്ടുണ്ട്. മറുപടി അത്ര മാത്രമേയുള്ളോ, അതോ എനിക്ക് കൂടുതലായി എന്തെങ്കിലും അയച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാനുണ്ട്. അതുകൊണ്ടാണ്, ഇക്കാര്യത്തിൽ വ്യക്തത വന്നിട്ട് പ്രതികരിക്കാമെന്നു ഞാൻ കരുതുന്നത്.
ഈ വിഷയത്തിൽ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ എനിക്കു മടിയില്ല. അതെല്ലാം പറയുമ്പോഴും മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയത് അഴിമതിപ്പണമാണ് എന്നതു തന്നെയാണ് പ്രധാന വിഷയം. അതു വിസ്മരിക്കരുത്.’
കുഴൽനാടൻ പറഞ്ഞു.
ഇക്കാര്യത്തിൽ ധനവകുപ്പ് വ്യക്തത വരുത്തിയ സാഹചര്യത്തിൽ മാത്യു കുഴല്‍നാടൻ മാപ്പു പറയണമെന്ന് എ.കെ ബാലൻ ആവശ്യപ്പെട്ടു. മാധ്യമങ്ങൾ നടത്തുന്നത് നുണ പ്രചാരണമാണ്. വീണാ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ എല്ലാ രേഖകളുമുണ്ടെന്നും കൊടുക്കാെമന്നു നേരത്തെ തന്നെ കുഴൽനാടനോടു പറഞ്ഞതാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
‘ഔപചാരികമായി കത്തു കൊടുത്താൽ അതിന്റെ മറുപടി വരുന്നതു വരെ കാത്തിരിക്കണം. നുണ ഇങ്ങനെ പറഞ്ഞു പ്രചരിപ്പിക്കാൻ അനുവദിക്കരുത്. നുണക്കച്ചവടത്തിന്റെ ഹോൾ സെയിൽ ഏജന്റുമാരായി യുഡിഎഫും കോൺഗ്രസും മാറിയിരിക്കുന്നു.’ എ.കെ. ബാലൻ പറഞ്ഞു.
അതേസമയം കുഴല്‍നാടന്റേത് ശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം എന്ന രോഗമാണെന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമിന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് കുഴല്‍നാടന്‍ പ്രതികരിച്ചു.