നവംബര്‍ 25 നു നടക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടിക്കാറാം മീണ പുതിയ വേഷത്തിലാണ്. മുഴുനീള കോൺഗ്രസുകാരൻ. രാജസ്ഥാനിലെ പാർട്ടി പ്രകടനപത്രികയുടെ ചുമതലയുള്ള ജോയന്റ് കൺവീനർ. പക്ഷേ പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു ടിക്കാറാം മീണ അറിയിച്ചു. കെ.സി വേണുഗോപാൽ ആണ് തീരുമാനിക്കേണ്ടത്. സവായ് മധേപുർ, ബമൻവാസ് എന്നീ മണ്ഡലങ്ങളിൽ ഒന്നാകും സാധ്യതയെന്നും മീണ പറയുന്നു.
കേരളസർക്കാരിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ പ്രവർത്തിച്ചിട്ടുള്ള മീണ മാനവവികസന സൂചികയിലടക്കം കേരളം കൈവരിച്ച പുരോഗതിയെ കോൺഗ്രസ് പ്രകടനപത്രികയുടെ മാതൃകയാക്കണമെന്ന പക്ഷക്കാരനാണ്. സ്ത്രീകളുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും ശാക്തീകരണം, ജനകീയാസൂത്രണ മോഡൽ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. എന്നാൽ, പ്രകടനപത്രികയുടെ ഉള്ളടക്കം എങ്ങനെയൊക്കെയാവും എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ പറ്റില്ലെന്നും മീണ പറയുന്നു.
രാജസ്ഥാനിലെ സവായ് മധേപുർ സ്വദേശിയായ മീണ പട്ടികവർഗ വിഭാഗക്കാരനാണ്. അടിയുറച്ച കോൺഗ്രസ് പാരമ്പര്യമാണ് തന്റേതെന്ന് മീണ പറയുന്നു. സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസുകാരനുമായിരുന്നു പിതാവ് ജയറാം മീണ. മൂത്ത സഹോദരൻ രംഗലാൽ മീണ കോൺഗ്രസ് ടിക്കറ്റിൽ ജനറൽസീറ്റിൽ രണ്ടുതവണ ജില്ലാപരിഷത്തിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മറ്റൊരു സഹോദരൻ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ സുരക്ഷാസേനയിൽ ഓഫീസറായിരുന്നു.
കേരളത്തിൽനിന്ന് വിരമിച്ചശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടുകാരുമായി നല്ലബന്ധമുണ്ട്. വ്യക്തിത്വപരിശീലന ക്ലാസുകളും മറ്റും നടത്തുന്നുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് അങ്ങനെയാണ് ആഗ്രഹം തോന്നിയത്.
ഇതിനിടെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ 33പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മുന്‍ പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റും പട്ടികയിലുണ്ട്.
സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്ന് ഗെഹ്ലോട്ട് ജനവിധി തേടും. സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മത്സരിക്കും. ഇരുവരും തമ്മിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ താത്കാലികമായി ശമിപ്പിച്ചിട്ടുണ്ട്