തിരുവനന്തപുരം: എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരം മന്ത്രിസഭയിലെ വച്ചുമാറ്റം നീളാന്‍ സാധ്യത. മുഖ്യമന്ത്രിയും മന്ത്രിമാരും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടത്തുന്ന മണ്ഡല പര്യടന യാത്രയ്ക്കു ശേഷം ഇതു നടപ്പാക്കിയാല്‍ മതിയെന്ന അഭിപ്രായമാണ് സിപിഎം പരിഗണിക്കുന്നത്. എല്‍ഡിഎഫില്‍ ആലോചിച്ചാകും അന്തിമതീരുമാനം.
എല്‍ഡിഎഫിലെ ഏകാംഗ കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രിസ്ഥാനം നല്‍കിയത്. ഈ നവംബര്‍ 20ന് ആ രണ്ടരവര്‍ഷ കാലാവധി അവസാനിക്കുമ്പോള്‍ ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലിനു പകരം കോണ്‍ഗ്രസിലെ (എസ്) രാമചന്ദ്രന്‍ കടന്നപ്പള്ളിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിനു പകരം കേരള കോണ്‍ഗ്രസിലെ (ബി) കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരാകേണ്ടതാണ്.
എല്‍ഡിഎഫിലെ ഈ കരാര്‍ പാലിക്കുമെന്നു സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അതിനിടയിലാണ് 140 മണ്ഡലങ്ങളും മന്ത്രിസഭ സന്ദര്‍ശിക്കുന്ന ബൃഹദ് പരിപാടി സര്‍ക്കാരും എല്‍ഡിഎഫും നിശ്ചയിച്ചത്. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും അടക്കമുള്ള മന്ത്രിമാരുടെ ചിത്രം വച്ചുള്ള പോസ്റ്ററുകള്‍ പിആര്‍ഡി തയാറാക്കിക്കഴിഞ്ഞു. മന്ത്രിമാരുടെ യാത്രയ്ക്ക് ക്രമീകരണങ്ങളെല്ലാം ചെയ്യുന്നത് ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ഗതാഗത വകുപ്പുമാണ്. ഏകാംഗകക്ഷികളില്‍ നേരത്തേ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട ആര്‍ജെഡി (പഴയ എല്‍ജെഡി) അവശേഷിക്കുന്ന രണ്ടര വര്‍ഷം അതു വേണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കത്തു നല്‍കി. ഈ സാഹചര്യത്തില്‍ തിരക്കിട്ട് മാറ്റം നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ യാത്രയ്ക്കു മുന്‍പുള്ള രാഷ്ട്രീയ അന്തരീക്ഷത്തെ അതു ബാധിക്കുമോ എന്ന സംശയവും സിപിഎമ്മിനുണ്ട്.