നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനത്തിനിരയായെന്നാണ് റിപ്പോര്‍ട്ടിലുളളത്. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാര്‍ശ ചെയ്തു.
ജസ്റ്റിസ് കെ.നാരായണക്കുറുപ്പാണ് അന്വേഷണം നടത്തിയത് . ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം ആരംഭിച്ച് ഒന്നര വര്‍ഷത്തിനിടെ രാജ് കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ച് തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വച്ചും മര്‍ദിച്ചതായുള്ള സാക്ഷി മൊഴികള്‍ വസ്തുതാപരമാണന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
2019 ജൂണ്‍ 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്.
എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ജീവച്ഛവമായപ്പോള്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജൂണ്‍21ന് ജയിലില്‍ വച്ചാണ് മരിക്കുന്നത്.