പി.എൽ ജോർന്റെ മനസ്സിലെ കുറ്റബോധത്തിന്റെ നീറ്റൽ നീങ്ങിയത് ഇന്നലെയാണ്. ജില്ലാ ഗവ. പ്ലീഡറും മുൻ എസ്.എഫ്.ഐ നേതാവുമായ ഡോ.ടി.ഗീനാകുമാരിയെ കാണാനാണ് പാലക്കാട് ഒലവക്കോട് റെയിൽവേ പൊലീസ് അഡീഷനൽ എസ്.ഐ പി.എൽ.ജോർജ് അവരുടെ ഓഫിസിലെത്തിയത്. നാടകീയമായിരുന്നു ആ സന്ദർശനം. മൂന്നു പതിറ്റാണ്ടായി കൊണ്ടുനടന്ന കുറ്റബോധത്തിന്റെ ഭാരമിറക്കാനാണ് ജോർജ് ഗീനയെ കാണാൻ വന്നത്.
1994 നവംബർ 25ന് ഉച്ചയ്ക്ക് സെക്രട്ടേറിയറ്റ് നടയിൽ വച്ച് ജോർജിന്റെ ലാത്തിയടിയേറ്റ് ഗീനയുടെ തലപൊട്ടി ചോരയൊലിച്ചു. കേരള സർവകലാശാല യൂണിയൻ ചെയർപഴ്സൺ കൂടിയായിരുന്ന ഗീന അന്നത്തെ യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിന്റെ മുൻ നിരയിലായിരുന്നു.
സമരക്കാരെ നേരിടുന്ന പൊലീസുകാരെ തിരിച്ചറിയാതിരിക്കാൻ നെയിംപ്ലേറ്റ് ഊരിവച്ചാണ് ജോർജും സംഘവും ഇറങ്ങിയത്. ചോരയൊലിച്ചു കിടക്കുന്ന ഗീനയുടെ ചിത്രം അടുത്തദിവസം പത്രങ്ങളിൽ കണ്ടപ്പോഴാണു ജോർജ് പതറിയത്. തെറ്റുപറ്റിയ കാര്യം അന്നേ വീട്ടിൽ പറഞ്ഞിരുന്നു. സഹപ്രവർത്തകനും പൊലീസ് അസോസിയേഷൻ നേതാവുമായ സി.ടി.ബാബുരാജുമൊത്താണു ജോർജ് ഗീനയെ വഞ്ചിയൂർ കോടതി വളപ്പിലെ മുറിയിലും പിന്നീടു പുറത്തെ ഓഫിസിലും കണ്ടത്.
ആ സംഭവത്തിനു ശേഷം ഇന്നേവരെ ലാത്തി കൈകൊണ്ട് തൊട്ടിട്ടില്ലെന്നും ജോർജ് പറയുന്നു.