ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യ വിക്കറ്റില്‍ 259 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് ഓസീസ് ഓപ്പണര്‍മാര്‍ ഉയര്‍ത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ഓസ്ട്രേലിയയുടെ ഏറ്റവുമുയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 124 പന്തില്‍ 163 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ഈ ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോറാണ് അടിച്ചെടുത്തത്. ഇതോടെ ലോകകപ്പ് റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തേക്കുയരാനും വാര്‍ണറിനായി. 228 റണ്‍സാണ് താരത്തിന്റെ 4 മത്സരങ്ങളിലെ ആകെ സ്കോര്‍.
ഡേവിഡ് വാര്‍ണര്‍ (163), മിച്ചെല്‍ മാര്‍ഷ് (121) എന്നിവര്‍ തിളങ്ങിയതോടെ കൂറ്റൻ വിജയലക്ഷ്യമാണ് കംഗാരുപ്പട പാക്കിസ്ഥാന് മുന്നില്‍ വച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ടീം നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് 367 റണ്‍സാണ് അടിച്ചു കൂട്ടിയത്.
9 പടുകൂറ്റൻ സിക്സറുകളും 14 ബൌണ്ടറികളും വാര്‍ണറുടെ ബാറ്റില്‍ നിന്നും പിറന്നു. 85 പന്തിലാണ് വാര്‍ണര്‍ ശതകം തികച്ചത്. 108 പന്തില്‍ നിന്നായിരുന്നു മിച്ചെല്‍ മാര്‍ഷിന്റെ 121 റണ്‍സ് നേട്ടം. മാര്‍ഷും 9 കൂറ്റൻ സിക്സറുകളും 10 ഫോറുകളും പറത്തി.
ഒടുവില്‍ മീഡിയം പേസറായ സ്റ്റോയിനിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തന്റെ ആദ്യ പന്തില്‍ തന്നെ താരം ഷഫീഖിനെ പുറത്താക്കി. 61 പന്തില്‍ ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 64 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. പിന്നാലെ വന്ന നായകൻ ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഇമാം ടീം സ്കോര്‍ 150 കടത്തി. എന്നാല്‍ ഇമാമിനെയും പുറത്താക്കി സ്റ്റോയിനിസ് ഓസീസ് ക്യാമ്ബില്‍ പ്രതീക്ഷ പരത്തി. 71 പന്തില്‍ 10 ബൗണ്ടറികളുടെ സഹായത്തോടെ 70 റണ്‍സെടുത്ത ഇമാമിനെ സ്റ്റോയിനിസ് സ്റ്റാര്‍ക്കിന്റെ കൈയ്യിലെത്തിച്ചു.
ഇമാമിന് പകരം സൂപ്പര്‍ താരം മുഹമ്മദ് റിസ്വാൻ ക്രീസിലെത്തി. ബാബറും റിസ്വാനും ക്രീസിലൊന്നിച്ചതോടെ പാക് ക്യാമ്ബില്‍ പ്രതീക്ഷ വന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ ഇരുവരും ഫോമിലേക്കുയര്‍ന്നിരുന്നു. എന്നാല്‍ ബാബറിന് തിളങ്ങാനായില്ല. വെറും 18 റണ്‍സ് മാത്രമെടുത്ത ബാബറിനെ ആദം സാംപ പുറത്താക്കി. എന്നാല്‍ മറുവശത്ത് റിസ്വാൻ അനായാസം ബാറ്റിങ് തുടര്‍ന്നു. സൗദ് ഷക്കീലിനെ കൂട്ടുപിടിച്ച് റിസ്വാൻ ടീം സ്കോര്‍ 200 കടത്തി. എന്നാല്‍ 35-ാം ഓവറില്‍ സൗദിനെ കമ്മിൻസ് പുറത്താക്കി. 31 പന്തില്‍ 30 റണ്‍സെടുത്താണ് താരം മടങ്ങിയത്. സൗദിന് പകരം ഓള്‍റൗണ്ടര്‍ ഇഫ്തിഖര്‍ അഹമ്മദ് ക്രീസിലെത്തി. ഇഫ്തിഖറും നന്നായി ബാറ്റുവീശിയതോടെ ടീം സ്കോര്‍ 250 കടന്നു.
വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇഫ്തിഖറിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 20 പന്തില്‍ 26 റണ്‍സെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി. അമ്ബയറുടെ തീരുമാനം പുനഃപരിശോധിച്ചശേഷമാണ് ഓസീസ് ഈ വിക്കറ്റ് സ്വന്തമാക്കിയത്. ഇഫ്തിഖറിന് പകരം മുഹമ്മദ് നവാസാണ് ക്രീസില്‍ വന്നത്. അവസാന 10 ഓവറില്‍ 96 റണ്‍സായിരുന്നു പാകിസ്താന് ജയിക്കാനായി വേണ്ടിവന്നത്. എന്നാല്‍ 41-ാം ഓവറിലെ അഞ്ചാം പന്തില്‍ പാകിസ്താന്റെ അവസാന പ്രതീക്ഷയായിരുന്ന റിസ്വാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സാംപ നിര്‍ണായകമായ വിക്കറ്റ് സ്വന്തമാക്കി. 40 പന്തില്‍ 46 റണ്‍സെടുത്ത റിസ്വാൻ പുറത്തായതോടെ ഓസീസ് വിജയത്തിലേക്ക് കുതിച്ചു.
പിന്നാലെ വന്ന ഉസാമ മിറിനെ അക്കൗണ്ട് തുറക്കുംമുൻപ് ഹെയ്സല്‍വുഡ് പുറത്താക്കി. 14 റണ്‍സെടുത്ത നവാസിനെ ക്ലീൻ ബൗള്‍ഡാക്കി സാംപ പാകിസ്താന്റെ ആണിക്കല്ലും പിഴുതു.തൊട്ടുപിന്നാലെ ഹസ്സൻ അലി (8), അഫ്രീദി (10) എന്നിവരും പുറത്തായതോടെ പാകിസ്താൻ ഔള്‍ ഔട്ടായി.