CrimeNEWS

കോഴിക്കോട് നഗരത്തില്‍ കാറുകളില്‍ മോഷണം; പിന്നിൽ തിരുട്ടു ഗ്രാമത്തിലുള്ളവരെന്ന് പൊലീസ്, ഒരാൾ അറസ്റ്റിൽ; മൂന്ന് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കാറുകളില്‍ മോഷണം നടത്തിയ സംഘം തമിഴ്നാട്ടിലെ കുപ്രസിദ്ധ തിരുട്ടു ഗ്രാമത്തിലുള്ളവരെന്ന് പൊലീസ്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കോഴിക്കോട് നഗരത്തിലെ വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളിലായിരുന്നു സംഘം മോഷണം നടത്തിയത്. സംഘാംഗങ്ങളില്‍ ഒരാളെ നടക്കാവ് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മൈക്കിള്‍ സുന്ദര്‍ ആണ് പിടിയിലായത്. ഇയാളെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണ് പൊലീസ്. മൈക്കിള്‍ സുന്ദറിന് തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് കിട്ടിയ സൂചന.

ഇനി  മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവര്‍ക്കായി ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കാറുകളുടെ ചില്ലുകള്‍ തകര്‍ത്തായിരുന്നു മോഷണം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയ., പുതിയസ്റ്റാന്‍റ് പരിസരത്തെ മാള്‍, ഗള്‍ഫ് ബസാറിന് സമീപത്തെ മാള്‍ എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകളാണ് സംഘം തകര്‍ത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ മോഷണം നടത്തിയത്.

Signature-ad

സംഘം സ്ഥിരമായി ഈ രീതിയില്‍ മോഷണം നടത്തി വരുന്നതായാണ് പൊലീസിന് കിട്ടിയ വിവരം. നാല് കാറുകളില്‍ മോഷണം നടത്തിയതായി പൊലീസില്‍ പരാതി കിട്ടിയിട്ടുണ്ട്. സമാനമായ കൂടുതല്‍ കളവുകള്‍ നഗരത്തില്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൈക്കിള്‍ സുന്ദര്‍ പിടിയിലായത് . മറ്റ് മൂന്ന് പേര്‍ക്കായി അന്വേഷണം പൊലീസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

Back to top button
error: