മുബൈ: ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി വണ്‍ പ്ലസ്. മടക്കിവെയ്കാന്‍ കഴിയുന്ന ഫോണുകള്‍ ഇതിനോടകം വിപണിയില്‍ എത്തിച്ചിട്ടുള്ള സാംസങ്, ഒപ്പോ, മോട്ടറോള എന്നീ കമ്പനികളോട് മത്സരിക്കാനാണ് വണ്‍ പ്ലസിന്റെ ഫോള്‍ഡബിള്‍ ഫോണായ വണ്‍ പ്ലസ് ഓപ്പണ്‍ കൂടി വിപണിയിലെത്തുന്നത്. 120 ജിഗാ ഹെര്‍ട്സ് റീഫ്രഷ് റേറ്റോടു കൂടിയ 6.31 ഇഞ്ച് കവര്‍ സ്ക്രീനും അതേ റീഫ്രഷ് റേറ്റ് തന്നെയുള്ള 7.82 പ്രധാന ഡിസ്‍പ്ലേയുമാണ് ഫോണിനുള്ളത്. മെയിന്‍ ഡിസ്പ്ലേക്ക് 2800 നിറ്റ്സ് വരെ ബ്രൈറ്റ്നെസ് ഉണ്ടായിരിക്കും. രണ്ട് ഡിസ്പ്ലേകളും LTPO 3 വിഭാഗത്തില്‍പെടുന്നതും ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. 4805mAh പവറുള്ള ബാറ്ററിയോടു കൂടി എത്തുന്ന ഫോണിനൊപ്പം 67 വാട്സ് ചാര്‍ജറും ബോക്സില്‍ തന്നെ ലഭ്യമാക്കും.
സ്നാപ്ഡ്രാഗണ്‍ 8 രണ്ടാം തലമുറ പ്രോസസറും 16 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഈ ഫോള്‍ഡബിള്‍ മോഡലിന് വണ്‍ പ്ലസ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 13 അധിഷ്ഠിതമായ ഓക്സിജന്‍ഒഎസ് 13.2ലാണ് പ്രവര്‍ത്തനം. ട്രിപ്പിള്‍ ക്യാമറയാണ് പിന്‍ഭാഗത്തുള്ളത്. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയ്ക്കൊപ്പം 64 മെഗാപിക്സലിന്റെ ടെലിഫോട്ടോ സെന്‍സറും 48 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ലൈന്‍സും ഇതിലുണ്ട്. 20 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയ്ക്കൊപ്പം 32 മെഗാപിക്സല്‍ സെല്‍ഫി സെന്‍സറും നല്‍കിയിട്ടുണ്ട്. 1,39,999 രൂപയാണ് വണ്‍ പ്ലസ് ഓപ്പണിന്റെ വില. ഒക്ടോബര്‍ 27 മുതല്‍ ആമസോണ്‍ വഴിയും വണ്‍ പ്ലസ് വെബ്സൈറ്റ് വഴിയും വില്‍പന തുടങ്ങും.