CrimeNEWS

കോടതിമുറിയില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചു; ക്ലാര്‍ക്കിന് 23 വര്‍ഷം കഠിനതടവും 1.75 ലക്ഷം പിഴയും

എറണാകുളം: കോടതിമുറിയില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ബെഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റൂര്‍ അച്ചാണ്ടി വീട്ടില്‍ മാര്‍ട്ടിനെ (53) യാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി രണ്ട് ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്.

2016 ഫെബ്രുവരി 10 മുതല്‍ മേയ് 24 വരെയുള്ള കാലത്തായിരുന്നു സംഭവം. കോടതിയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന യുവതിയെ 2016 ല്‍ കോടതി ഹാളില്‍വച്ചും, ശുചിമുറിയില്‍വച്ചും ബലാല്‍ക്കാരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനും ഇരയാക്കി. കേസ് പരിഗണിച്ച വടക്കന്‍ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.

Signature-ad

പീഡനത്തിന് 376 ാം വകുപ്പുപ്രകാരം 7 വര്‍ഷം തടവും, നിയമപാലക സ്ഥാനത്തുള്ളയാള്‍ നടത്തിയ പീഡനത്തിന് 376 (2)(അ) വകുപ്പുപ്രകാരം 10 വര്‍ഷവും തടവിന് വിധിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം വിവിധ വകുപ്പുകള്‍ പ്രകാരം ആറുവര്‍ഷം തടവും ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ടി.ജി. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തി മാര്‍ട്ടിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീറാം ഭരതന്‍ ഹാജരായി.

കോടതിയില്‍ നടന്ന പീഡനമെന്ന നിലയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച കേസാണിത്. മാനസികനില തകരാറിലായ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചതോടെയാണ് പീഡനം പുറത്തറിഞ്ഞത്.

 

Back to top button
error: