തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുമായി എത്തിയ ചൈനീസ് കപ്പലിന് ഒരാഴ്ചയായിട്ടും ക്രെയിനുകള്‍ ബെര്‍ത്തില്‍ ഇറക്കാനായിട്ടില്ല. സര്‍ക്കാരിന്റെ സ്വീകരണ പരിപാടി മൂലമാണു നാലു ദിവസം വൈകിയതെങ്കില്‍, മൂന്നു ദിവസമായി തടസ്സം ഫോറിനേഴ്‌സ് റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസി(എഫ്ആര്‍ആര്‍ഒ)ന്റെ എതിര്‍പ്പാണെന്നാണു വിവരം.
കപ്പലിലെ ചൈനക്കാരായ ജീവനക്കാര്‍ക്ക് ബെര്‍ത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കേണ്ടത് എഫ്ആര്‍ആര്‍ഒയാണ്. ക്രെയിന്‍ ബെര്‍ത്തില്‍ ഇറക്കുമ്പോള്‍ കപ്പലിന്റെ സ്ഥാനം ക്രമീകരിക്കുന്നതിനുള്ള വൈദഗ്ധ്യം ചൈനീസ് ക്രൂവിനാണുള്ളത്. അതിന് ഇവര്‍ ബെര്‍ത്തില്‍ ഇറങ്ങിയേ മതിയാകൂ.
ഇതേ ജീവനക്കാരുടെ സഹായത്തോടെയാണു ചൈനീസ് കമ്പനിയുടെ ഇന്ത്യന്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു രണ്ടു ക്രെയിനുകള്‍ ഇറക്കിവച്ചത്. മുന്ദ്രയ്ക്കു തുറമുഖ പദവിയുള്ളതുകൊണ്ടു തടസ്സമുണ്ടായില്ല. നിര്‍മാണഘട്ടത്തിലുള്ള വിഴിഞ്ഞം തുറമുഖത്തിനു തുറമുഖ പദവിയില്ല. ഈ തുറമുഖം വഴി വിദേശരാജ്യത്തു നിന്ന് ഇന്ത്യന്‍ കരയില്‍ ഇറങ്ങാനാകില്ല. ഈ തടസ്സമാണ് എഫ്ആര്‍ആര്‍ഒ ചൂണ്ടിക്കാട്ടുന്നതെന്നാണു വിവരം.