രാജ്യതലസ്ഥാനമായ ന്യൂഡൽഹിയെ ഞെട്ടിച്ച, മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥ(25)ന്റെ കൊലപാതകക്കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി എന്ന് കോടതി വിലയിരുത്തി. കൊലപാതകം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് സെഷന്‍സ് കോടതി വിധി പറഞ്ഞത്. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.
ശിക്ഷാവിധിക്ക് മുന്‍പ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദംകേള്‍ക്കും. ഒക്ടോബര്‍ 26 മുതലായിരിക്കും ഇതുസംബന്ധിച്ച കോടതി നടപടികള്‍ ആരംഭിക്കുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. അതേസമയം, കുറ്റക്കാരാണെന്ന കണ്ടെത്തലിനെതിരെ പ്രതികള്‍ക്ക് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവരാണ് പ്രതികള്‍. 2008 സെപ്റ്റംബര്‍ 30നു പുലര്‍ച്ചെ ജോലി കഴിഞ്ഞു വസന്ത് കുഞ്ചിലെ വീട്ടിലേക്കു മടങ്ങുമ്പോള്‍ നെല്‍സണ്‍ മണ്ടേല റോഡില്‍ വച്ചാണു അക്രമിസംഘം സൗമ്യയുടെ കാര്‍ തടഞ്ഞ് വെടിവച്ചു കൊലപ്പെടുത്തിയത്. കേസില്‍ കഴിഞ്ഞ 13നു വാദം പൂര്‍ത്തിയായ ശേഷം വിധി പറയാനായി അഡിഷനല്‍ സെഷന്‍സ് ജഡ്ജി രവികുമാര്‍ പാണ്ഡേ ബുധനാഴ്ചത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് 2009 മാർച്ചിലാണ് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡെല്‍ഹി വസന്ത് കുഞ്ചില്‍ താമസിച്ചിരുന്ന കുറ്റിപ്പുറം പേരിശന്നൂര്‍ കിഴിപ്പള്ളി മേലേവീട്ടില്‍ വിശ്വനാഥന്‍- മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. ഡെല്‍ഹി കാര്‍മല്‍ സ്‌കൂളിലും ജീസസ് ആന്‍ഡ് മേരി കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൗമ്യ ‘ദ് പയനിയര്‍’ പത്രത്തിലും ‘സിഎന്‍എന്‍ഐബിഎന്‍’ ടിവിയിലും പ്രവര്‍ത്തിച്ചിരുന്നു. ‘ഹെഡ്ലൈന്‍സ് ടുഡേ’യില്‍ പ്രൊഡ്യൂസറായി ജോലി ചെയ്യുമ്പോഴായിരുന്നു മരണം. ശുഭ വിശ്വനാഥനാണ് സഹോദരി.
കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹപരിശോധനയില്‍ പക്ഷേ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി.
നീണ്ടുപോയ വിചാരണ
സൗമ്യ കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം 2009 ഒക്ടോബറിലാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. 2010ല്‍ പ്രതികളെല്ലാം പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസില്‍ 489 പേജുള്ള കുറ്റപത്രമാണു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
2019ല്‍ പ്രതികളിലൊരാളായ ബല്‍ജിത് മാലിക്ക് വിചാരണ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പതര വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നീണ്ടുപോകുന്നത് ഹൈക്കോടതി ചോദ്യംചെയ്തിരുന്നു. എന്നാല്‍, സാക്ഷികള്‍ സമയത്തു ഹാജാരാകാതിരുന്നതും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടറുടെ നിയമനം വൈകിയതുമാണു വിചാരണ നീണ്ടുപോയതിനു കാരണമെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടി.
അതിനിടെ കോള്‍സെന്റര്‍ ജീവനക്കാരി ജിഗിഷയെ കൊലപ്പെടുത്തിയ കേസില്‍ 2016 ഓഗസ്റ്റില്‍ വിചാരണക്കോടതി രവി കപൂറിനും അമിത് ശുക്ലയ്ക്കും വധശിക്ഷയും ബല്‍ജീത് മാലിക്കിന് ജീവപര്യന്തവും വിധിച്ചു. 2018ല്‍ ഡെല്‍ഹി ഹൈക്കോടതി രവി കപൂറിന്റെയും അമിത് ശുക്ലയുടെയും വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
കണ്ണീരില്‍ കുതിര്‍ന്ന കത്ത്
സൗമ്യ കൊല്ലപ്പെട്ട കേസില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ എം.കെ വിശ്വനാഥന്‍ 2019 ഫെബ്രുവരിയില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു കത്തെഴുതി. പത്തു വര്‍ഷം ഉള്ളിലൊതുക്കിയ ദുഃഖം തുറന്നെഴുതിയ കത്തില്‍ അധികൃതരുടെ പാഴ് വാക്കുകള്‍ കേട്ട് മനസ്സ് മടുത്തെന്നും ഉറച്ചൊരു നിലപാട് മുഖ്യമന്ത്രിയെങ്കിലും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കേസില്‍ വിചാരണയ്ക്കു ഹാജരാകാതിരുന്ന പബ്ലിക് പ്രോസിക്യൂടര്‍ക്കു പകരം പുതിയ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടറെ നിയമിക്കാൻ അരവിന്ദ് കേജ്രിവാൾ ഉത്തരവിട്ടു.
പൊലീസിന്റെ കണ്ടെത്തല്‍
അമിത്കുമാര്‍ ശുക്ലയുടെ വീട്ടില്‍ വച്ച് രാത്രി മദ്യപിച്ച ശേഷം, മോഷ്ടിച്ച വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതികള്‍. ആ സമയത്താണ് സൗമ്യ ഒറ്റയ്ക്കു കാറോടിച്ചു പോകുന്നത് കണ്ടത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ മോഷണലക്ഷ്യത്തോടെ സൗമ്യയെ പിന്തുടര്‍ന്നു. നെല്‍സണ്‍ മണ്ടേല റോഡിലെ ട്രാഫിക് ലൈറ്റിനു സമീപം സൗമ്യയുടെ കാറിനെ മറികടന്നു. സൗമ്യ കാര്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് രവി കപൂര്‍ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്തു. തലയ്ക്കു വെടിയേറ്റ സൗമ്യ കൊല്ലപ്പെട്ടുവെന്ന് മനസ്സിലാക്കിയ പ്രതികള്‍ കടന്നുകളയുകയായിരുന്നു.
ചുരുളഴിയാത്ത ദുരൂഹതകള്‍
പ്രതികളെ കണ്ടെത്തിയെന്നു പൊലീസ് അവകാശപ്പെട്ടതിനു ശേഷവും കേസില്‍ ഒട്ടേറെ ദുരൂഹതകള്‍ ബാക്കിയായിരുന്നു. മോഷണലക്ഷ്യത്തിലാണു കൊല നടന്നതെന്നു പൊലീസ് പറയുമ്പോഴും സൗമ്യയുടെ കാറിലുണ്ടായിരുന്ന സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നില്ല. മറ്റൊരു കാറില്‍ മറികടന്നു വെടിവയ്ക്കുമ്പോള്‍ തലയ്ക്കു പിന്നില്‍ വെടിയേല്‍ക്കാനുള്ള സാധ്യതയും വിരളമാണ്.
വഴിത്തിരിവായത് മറ്റൊരു കൊലപാതകം
2008 സെപ്റ്റംബര്‍ 30നു പുലര്‍ച്ചെയാണ് അക്രമിസംഘം സൗമ്യയുടെ കാര്‍ തടഞ്ഞ് വെടിവച്ചു കൊലപ്പെടുത്തിയത്. പക്ഷേ സംഭവത്തില്‍ പ്രതികളെ സംബന്ധിച്ച സൂചന ലഭിച്ചത് കുറച്ചുനാളുകള്‍ക്ക് ശേഷമാണ്.
ജിഗിഷ എന്നകോള്‍ സെന്റര്‍ ജീവനക്കാരിയെ ഫരീദാബാദിലെ സൂരജ് കുണ്ഡില്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിടിച്ചതോടെയാണു സൗമ്യയെ കൊലപ്പെടുത്തിയതും ഇവര്‍ തന്നെയാണെന്നു പൊലീസ് കണ്ടെത്തിയത്.