പ്രണയവും സൗഹൃദവും ഇട കലര്‍ന്ന ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട് സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം കുഛ് കുഛ് ഹോത്താ ഹേ.
ഷാരൂഖ് ഖാനും കാജലും റാണി മുഖര്‍ജിയും ഒരുമിച്ചാണ് കരണ്‍ ജോഹറിന്‍റെ ആദ്യ സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രണയത്തെയും സൗഹൃദത്തെയും അസൂയപ്പെടുത്തും വിധം വരച്ചിട്ടത്. ചിത്രത്തിലെ നൃത്തവും ഗാനങ്ങളും വസ്ത്രങ്ങളുമെല്ലാം അക്കാലത്ത് ട്രെൻഡ് സെറ്ററുകളായി മാറിയിരുന്നു.
സൗഹൃദവും പ്രണയവും പ്രണയനഷ്ടവുമായിരുന്നു ചിത്രത്തിന്‍റെ അടിത്തറ. പ്യാര്‍ ദോസ്തി ഹേ, കുഛ് കുഛ് ഹോത്താ ഹേ രാഹുല്‍, തുസ്സി ജാ രഹേ ഹോ തുടങ്ങി നിരവധി ഡയലോഗുകള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു. 1998 ഒക്റ്റോബര്‍ 16നാണ് കുഛ് കുഛ് ഹോത്താ ഹേ റിലീസ് ചെയ്തത്.
രാഹുല്‍( ഷാരൂഖ് ഖാൻ), അഞ്ജലി( കാജല്‍), ടിന(റാണി മുഖര്‍ജി) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സല്‍മാൻ ഖാനും സന സയീദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി.
അഞ്ജലിയെപ്പോലെ ട്രാക് സ്യൂട്ടും തൊപ്പിയും ധരിച്ചു കൊണ്ടുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് കാജല്‍ സിനിമയുടെ വാര്‍ഷികം ആഘോഷിച്ചത്.. 25 വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ജലിയിലേക്കു തിരിച്ചു പോകുന്നു.. ഒരുപാട് ഓര്‍മകളും സ്നേഹവും ആ ചിത്രത്തിനൊപ്പം ചേര്‍ത്തു വച്ചിട്ടുണ്ട്.എന്നെപ്പോലെ തന്നെ എല്ലാവരും ആ സിനിമയെ സ്നേഹിക്കുന്നുവെന്നത് സന്തോഷകരമാണെന്നും കാജല്‍ കുറിച്ചു.
കോയി മില്‍ ഗയാ, ലഡ്കി ബഡീ അൻജാനി ഹേ. സാജൻജി ഗര്‍ ആയേ തുടങ്ങി ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഇരുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഞായറാഴ്ച മുംബൈയില്‍ സിനിമയുടെ പ്രത്യേക സ്ക്രീനിങ് നടത്തിയിരുന്നു.
ആഘോഷിക്കുന്നത് വെറും ഒരു സിനിമയെയല്ല, ഒരു വികാരത്തെയാണെന്നും പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് കരണ്‍ ജോഹര്‍ കുറിച്ചു. ഇരുപത്തഞ്ചാം വര്‍ഷത്തില്‍ കുഛ് കുഛ് ഹോത്താ ഹേയുടെ ചില ചിത്രങ്ങളും വിഡിയോകളും കരണ്‍ ജോഹര്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചു.