IndiaNEWS

സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ സീറ്റ് മോഹികളുടെ ‘പെര്‍ഫോമന്‍സ്’; തെലങ്കാനയിലെ കോണ്‍ഗ്രസ് ആസ്ഥാനം പൂട്ടി

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ നാടകീയ രംഗങ്ങള്‍. 119 അംഗ നിയമസഭ സീറ്റില്‍ 55 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് നേതൃത്വം ഇന്നലെ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ പ്രതിഷേധവുമായി സീറ്റ് മോഹികള്‍ രംഗത്തെത്തുകയായിരുന്നു. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചവരുടെ കരച്ചിലും നേതാക്കളുടെ കോലം കത്തിക്കലുമായി പ്രതിഷേധം രൂക്ഷമായതോടെ ഹൈദരാബാദ് ഗാന്ധിഭവനിലെ പാര്‍ട്ടി ആസ്ഥാനം നേതാക്കള്‍ പൂട്ടിയിട്ടു.

ഇന്നലൊയണ് ഹൈദരാബാദില്‍ നേതാക്കളുടെ പ്രതിഷേധം അരങ്ങേറിയത്. ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് ബസ് യാത്ര നടത്താനൊരുങ്ങവെയാണ് പ്രാദേശിക നേതാക്കളുടെ ഈ പ്രതിഷേധം. ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതാണ് പ്രചാരണ പരിപാടി.

Signature-ad

ഗാന്ധിഭവനില്‍ തെലങ്കാന പിസിസി വൈസ് പ്രസിഡന്റ് മല്ലു രവിയുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തുന്നതിനായി ഒരു സംഘം ഇരച്ചുകയറുകയായിരുന്നു. ഇതോടെ മല്ലു രവി വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കാതെ മടങ്ങി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ കോലം കത്തിക്കലിനും പാര്‍ട്ടി ആസ്ഥാനം സാക്ഷ്യം വഹിച്ചു. ഇതോടെയാണ് നേതാക്കള്‍ ഓഫീസ് പൂട്ടിയത്.

ഉപ്പലില്‍ തന്റെ രാഷ്ട്രീയ എതിരാളിയായ എം പരമേശ്വര്‍ റെഡ്ഡി മത്സരിക്കുമെന്നായതോടെ ഇവിടെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച റാഗിഡി ലക്ഷ്മ റെഡ്ഡിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ‘രേവന്ത് റെഡ്ഡിയെ ഞാന്‍ ഭയക്കുന്നില്ല. പാര്‍ട്ടി തളര്‍ന്നപ്പോഴും പുറത്തായപ്പോഴും ഇവിടെ ഞാന്‍ പാര്‍ട്ടി കെട്ടിപ്പടുത്തു. നിങ്ങള്‍ പിസിസി തലവനായതിനാല്‍ ബഹുമാനം നല്‍കി. പക്ഷേ നിങ്ങള്‍ എന്നെ പുറത്താക്കിയത് പുറത്തുനിന്നുള്ള പുതുമുഖത്തിന് വേണ്ടിയാണ്’ കണ്ണുകള്‍ നനഞ്ഞുകൊണ്ട് പരമേശ്വര്‍ റെഡ്ഡി പറഞ്ഞു.

ശബ്ദം ഇടറിക്കൊണ്ട് പരമേശ്വര്‍ റെഡ്ഡി സംസാരിക്കവെ ചുറ്റുമുണ്ടായിരുന്ന അനുയായികളും കണ്ണുതുടക്കുകയായിരുന്നു. ‘രേവന്ത് ഹഠാവോ, കോണ്‍ഗ്രസ് ബച്ചാവോ’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തുടനീളം പ്രചാരണം ആരംഭിക്കുമെന്നായിരുന്നു സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന സോമശേഖര്‍ റെഡ്ഡിയുടെ പ്രതികരണം. രേവന്ത് റെഡ്ഡിയെ എതിര്‍ക്കുന്നവര്‍ തന്നോടൊപ്പം ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്നലെയാണ് കോണ്‍ഗ്രസ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനര്‍ഥി പട്ടിക പുറത്തുവിട്ടത്. ആകെ 55 പേരാണ് പട്ടികയിലുള്ളത്. റെഡ്ഡി സമുദായത്തിന് പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ളതാണ് ആദ്യ പട്ടിക.

 

Back to top button
error: