FeatureNEWS

സമാനതകളില്ലാത്ത ആഘോഷം; പോകാം ദസറ കാണാൻ മൈസൂരുവിലേക്ക്

മൈസൂർ…വാക്കുകൾ കൊണ്ട് വർണ്ണിച്ചു തീർക്കാൻ പറ്റാത്ത ഇടം…കൊട്ടാരങ്ങൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഇടം…എന്നും എപ്പോഴും സഞ്ചാരികളാൽ നിറഞ്ഞിരിക്കുന്ന ഇടമാണെങ്കിലും ദസറ കാലമാണ് ഈ നഗരം അതിന്റ എല്ലാ വിധ സൗന്ദര്യത്തിലും കാണുവാൻ സാധിക്കുന്ന സമയം.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ ആഘോഷം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ്.ദീപങ്ങൾ കൊണ്ട് ഒരു നഗരം മുഴുവൻ ഒരുങ്ങിയിരിക്കുന്ന കാഴ്ച ഒറ്റ നോട്ടത്തിലൊന്നും കണ്ടു തീർക്കുവാനാവില്ല.
പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് മൈസൂർ ദസറ.നവരാത്രിയുടെ ഭാഗമായാണ് മൈസൂർ ദസറ ആഘോഷിക്കുന്നത്.ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
മൈസൂർ ദസറ കാഴ്ചകളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടുത്തെ കൊട്ടാരം അലങ്കരിച്ചിരിക്കുന്ന കാഴ്ചയാണ്. ആഘോഷങ്ങൾ നടക്കുന്ന 10 ദിവസവും ഇവിടെ കൊട്ടാരം മുഴുവനും ഏകദേശം ഒരു ലക്ഷം ബൾബ് ഉപയോഗിച്ച് അലങ്കരിക്കും. വൈകിട്ട് 7 മണി മുതൽ രാത്രി 10 മണി വരെ ഈ കാഴ്ച കാണാം….
മൈസൂർ ദസറയുടെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് നഗര പ്രദക്ഷിണം. ദുർഗ്ഗാ ദേവിയോടുള്ള ഭക്തിയുടെ പ്രതീകം കൂടിയാണ് ഈ പ്രദക്ഷിണം. 750 കിലോ സ്വർണ്ണത്തിൽ തീർത്തിരിക്കുന്ന ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും രഥത്തിൽ വഹിച്ചു കൊണ്ടാണ് പ്രദക്ഷിണം.
കർണ്ണാടകയുടെ സംസ്ഥാന ഉത്സവം കൂടിയാണ് ദസറ.1610 ലാണ് ഇവിടെ ദസറ ആഘോഷങ്ങൾക്കു തുടക്കം കുറിക്കുന്നത്.മൈസൂർ ദസറയുടെ തുടക്കം തന്നെ ചാമുണ്ഡി ദേവി മഹിഷാസുരനെ കൊലപ്പെടുത്തിയ കഥയില്‍ നിന്നാണ്.അങ്ങനെ നോക്കുമ്പോൾ ഈ നഗരത്തിനു മൈസൂർ എന്ന പേരു ലഭിച്ചതിനു പിന്നിലും മഹാഷാസുരനാണുള്ളത്.
മഹിഷം എന്ന വാക്കിന് പോത്ത് എന്നാണ് അർഥം. പോത്തിന്റെ തലയുള്ള മഹിഷാസുരൻ ഹൈന്ദവ കഥകളിലെ ഏറ്റവും ക്രൂരനായ അസുരനായിരുന്നുവത്രെ.ഇയാളെ ഭൂമിയുടെ രക്ഷയ്ക്കായി ചാമുണ്ഡേശ്വരി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഐതിഹ്യം. അങ്ങനെ മഹിഷാസുരനെ വധിച്ച ഇടം എന്ന നിലയിലാണ് മൈസൂർ എന്നറിയപ്പെടുന്നത്.
ഇന്ത്യയുടെ വടക്കേ ഭാഗങ്ങളിൽ രാമൻ രാവണനെ കൊന്നതിന്റെ ആഘോഷമാണ് നവരാത്രി കാലങ്ങളിൽ നടക്കുക. എന്നാൽ മൈസൂരിൽ മാത്രമാണ് ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരു രൂപമായ ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മപ്പെടുത്തൽ നടക്കുന്നത്.ബംഗാളിലെ ദുർഗ്ഗാപൂജയും ഇതിന് സമാനമായ ആഘോഷമാണ്.

Back to top button
error: