LIFELife Style

കഴുത്തിന് പിന്നില്‍ ഇങ്ങനെ മുഴയുണ്ടോ? എന്താണ് ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ അല്ലെങ്കില്‍ ‘ടെക് നെക്ക്’

നിത്യജീവിതത്തിൽ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പലതാണ്. മിക്കവരും ഇത്തരത്തിൽ നേരിടുന്ന പ്രശ്നങ്ങളെല്ലാം നിസാരമായി തള്ളിക്കളയാറാണ് പതിവ്. പക്ഷേ ഇങ്ങനെ ചെയ്യുന്നത് ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കേ നമ്മെ നയിക്കൂ. കാരണം ഇന്ന് നാം അനുഭവിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും നാളെ നേരിടാനുള്ള രോഗങ്ങളുടെ ലക്ഷണങ്ങളോ സൂചനകളോ എല്ലാമാകാം. സമാനമായ രീതിയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടൊരു ആരോഗ്യപ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ അല്ലെങ്കിൽ ‘ടെക് നെക്ക്’ എന്നൊക്കെയാണിത് അറിയപ്പെടുന്നത്. പേരിൽ സൂചിപ്പിച്ചിരിക്കുംപോലെ തന്നെ കഴുത്തിനെയാണിത് ബാധിക്കുന്നത്. ഇന്നത്തെ ഡിജിറ്റൽ കാലത്ത് മണിക്കൂറുകളോളമാണ് ഓരോരുത്തരും ഫോണിലും മറ്റ് ഗാഡ്‍ഗെറ്റുകളിലും സമയം ചിലവിടുന്നത്. ഈ ശീലത്തിൻറെ ഭാഗമായി പിടിപെടുന്നൊരു ആരോഗ്യപ്രശ്നമാണ് ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ അഥവാ ‘ടെക് നെക്ക്’.

Signature-ad

പതിവായ കഴുത്തുവേദനയും കഴുത്തിനേൽക്കുന്ന തകരാറുമാണ് ‘ടെക് നെക്ക്’. തല താഴ്ത്തി ദീർഘനേരം ഫോൺ, ടാബ്, ലാപ് എല്ലാം ഉപയോഗിക്കുന്നത് മൂലമാണിത് പിടിപെടുന്നത്. കഴുത്തിന് പിന്നിൽ നട്ടെല്ലിൻറെ ഭാഗത്തായി ചെറിയ മുഴ കാണുന്നതും ടെക് നെക്കിൻറെ ലക്ഷണമാണ്. നമ്മുടെ നട്ടെല്ല് നിവർന്നിരിക്കുന്നതാണ് ആരോഗ്യകരമായ പൊസിഷൻ. ഓരോ തവണ മുപ്പത് ഡിഗ്രി വളയുമ്പോൾ പോലും അതിന് എത്രയോ അധികഭാരമാണത്രേ വരുന്നത്. അപ്പോൾ ദീർഘനേരം ഇങ്ങനെ വളഞ്ഞിരിക്കുന്നത് എത്രമാത്രം നട്ടെല്ലിന് ബാധിക്കുമെന്നതിനെ കുറിച്ച് പറയേണ്ടതില്ലല്ലോ.

ഇത്തരത്തിൽ കഴുത്തിന് പ്രശ്നം പറ്റിയാലും നമ്മളത് തിരിച്ചറിയണമെന്നില്ല. എന്നാൽ കടുത്ത വേദന അനുഭവപ്പെടുമ്പോൾ മാത്രം ചിലർ താൽക്കാലികമായ പരിഹാരങ്ങൾ തേടും. വീണ്ടും പഴയ ശീലത്തിലേക്ക് മടങ്ങുകയും ചെയ്യും. പക്ഷേ ക്രമേണ ഇത് നമ്മുടെ ശരീരത്തിൻറെ ഘടനയെ തന്നെ മാറ്റുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പായി നൽകുന്നത്. നിലവിൽ ‘ടെക് നെക്ക്’ ബാധിക്കുന്നവുടെ എണ്ണം ഏറെയാണെന്നും ഫോൺ- ലാപ് ഉപയോഗം തന്നെയാണ് ഇതിന് കാരണമാകുന്നതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ദീർഘനേരം തല താഴ്ത്തി ഫോൺ, ലാപ് മറ്റ് ഗാഡ്‍ഗെറ്റുകൾ ഉപയോഗിക്കാതിരിക്കുക, സ്ട്രെച്ചിംഗ് അടക്കമുള്ള വ്യായാമം ചെയ്യുക, ബോധപൂർവം തന്നെ ശരീരത്തിൻറെ ഘടനയ്ക്ക് (പോസ്ചർ) അനുകൂലമാം വിധത്തിൽ ഇരുന്നും, നടന്നും, കിടന്നുമെല്ലാം ശീലിക്കുക, ദീർഘനേരം ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കിൽ ഇടയ്ക്കിടെ ബ്രേക്ക് എടുക്കുക, ജോലി ചെയ്യുന്ന അന്തരീക്ഷം ആരോഗ്യകരമായ രീതിയിൽ ഡിസൈൻ ചെയ്യുക, കഴുത്തിലെ പേശികൾ ബലപ്പെടുത്താൻ വേണ്ടി തന്നെ വ്യായാമം പതിവാക്കുക, എല്ലിനെ ബലപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ ആരോഗ്യകരമായ ഭക്ഷണശീലവും പിന്തുടരുക. ഇത്രയും കാര്യങ്ങളാണ് ‘ടെക് നെക്ക്’ പ്രതിരോധത്തിനായി നമുക്ക് ചെയ്യാവുന്നത്.

പുതിയ കാലത്ത് ടെക്നോളജിയുടെ സഹായം എല്ലാ മേഖലയിലും വൻ മുന്നേറ്റമാണുണ്ടാക്കുന്നത്. എന്നാലിതുമായി ബന്ധപ്പെട്ട് പല ആരോഗ്യപ്രശ്നങ്ങളും നമുക്കിടയിൽ വ്യാപകമാവുകയാണ്. ഇക്കൂട്ടത്തിലൊന്നാണ് തീർച്ചയായും ‘ടെക് നെക്ക്’ഉം. ഇത് പിടിപെടാതിരിക്കാനും, അധികരിക്കാതിരിക്കാനും ഇനിയെങ്കിലും വേണ്ടത്ര ശ്രദ്ധ നൽകൂ…

Back to top button
error: