രാവിലെ പത്തുമുതല്‍ ഒരുമണിവരെ മൂന്നുമണിക്കൂര്‍ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചിരുന്നു. സാഹചര്യം ഉപയോഗപ്പെടുത്തി വടക്കന്‍ ഗാസയിലേക്ക് മാറണമെന്നും ഐ.ഡി.എഫ്.നിർദ്ദേശിച്ചിരുന്നു.
അതേസമയം വടക്കന്‍ ഗാസയെ ലക്ഷ്യമിട്ട് കടലില്‍നിന്ന് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
24 മണിക്കൂറിനിടെ ഗാസയില്‍ ഹമാസ് കമാന്‍ഡര്‍മാരുള്‍പ്പെടെ 324 പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതില്‍ 126 കുട്ടികളുമുണ്ട്. ആയിരത്തിലധികംപേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇസ്രയേലില്‍ 1300-ഉം ഗാസയില്‍ 2215-ഉം ആയി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സൈനികനടപടിയില്‍ 51 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
ഗാസ മുനമ്ബിലെ ഖാന്‍ യുനിസുള്‍പ്പടെയുള്ള നൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്താനുള്ള ഹമാസിന്റെ പ്രവര്‍ത്തനശേഷി തകര്‍ക്കുകയാണ് ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹമാസിന്റെ ആന്റി ടാങ്ക് മിസൈല്‍ ലോഞ്ച് പാഡുകളും നിരീക്ഷണ കേന്ദ്രങ്ങളുമുള്‍പ്പടെയുള്ളവ ഇസ്രയേല്‍ സേന തകര്‍ത്തു.
ഹമാസിന്റെ ഒരു സൈനിക കമാന്‍ഡറെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ നിരീം, നിര്‍ ഓസ് എന്നിവിടങ്ങളില്‍ ഹമാസ് കടന്നുകയറി നടത്തിയ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ സൈനിക കമാന്‍ഡര്‍ ബിലാല്‍ അല്‍-ഖെദ്രയാണ് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ വടക്കന്‍ ഖാന്‍ യുനിസ് ബറ്റാലിയന്റെ കമാന്‍ഡറാണ് ഇയാള്‍.
കഴിഞ്ഞ ദിവസം ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദും ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു.
ഗാസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രഖ്യാപിക്കുമ്ബോള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് മാറുന്നുണ്ട്. താലിബാനും ഹിസ്ബുള്ളയും ഹമാസിനൊപ്പം ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുമെന്നാണ് സൂചനകള്‍. ഇതിന്റെ തുടക്കമാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
അതേസമയം, യുദ്ധഭൂമിയില്‍ കൂട്ടപലായനം തുടരുകയാണ്. 48 മണിക്കൂറിനിടെ വടക്കന്‍ ഗാസ്സയില്‍ നിന്ന് ഒഴിഞ്ഞുപോയത് നാലരലക്ഷം പേരാണ്.