റാന്നി: പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് രണ്ടാമതും സർവീസ് ആരംഭിച്ച റോബിൻ ബസ് തടഞ്ഞ് മോട്ടോർ വാഹനവകുപ്പ്.
നേരത്തെ സർവീസ് ആരംഭിച്ച റോബിൻ ബസിനെ കെഎസ്ആർടിസിയുടെ പരാതിയിൽ എംവിഡി തടഞ്ഞിരുന്നു.ഗ്ലാസിന് പോറൽ,ടയറിന് തേയ്മാനം തുടങ്ങിയ മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് അന്ന് എംവിഡി വാഹനത്തിന്റെ സർവീസ് മുടക്കിയത്.
ശേഷം തകരാറുകൾ എല്ലാം പരിഹരിച്ച് മോട്ടോർ വാഹനവകുപ്പിന് മുന്നിൽ ഹാജരാക്കിയ ബസ് ഇന്നുമുതൽ വീണ്ടും സർവീസ് നടത്തുന്നതിനിടയിലാണ് റാന്നിയിലിട്ട് എംവിഡി വീണ്ടും തടഞ്ഞത്.ഇതോടെ നാട്ടുകാരും സംഘടിച്ചതോടെ വൻ പോലീസ് സംഘമാണ് സ്ഥലത്തെത്തിയത്.തുടർന്ന് എംവിഡി ബസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച റോബിൻ എന്ന സ്വകാര്യ ബസാണ് ഇന്ന് പുലർച്ചെ 5.20-ന് റാന്നിയിൽ വെച്ച് മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. മുമ്പ് സർവീസ് ആരംഭിച്ച ബസ് നിയമനടപടികളെ തുടർന്ന് ഈ റൂട്ടിലെ ഓട്ടം നിർത്തിവെച്ചിരിക്കുകയായിരുന്നു . ഇതിനുശേഷമാണ് ഇന്ന് വീണ്ടും സർവീസിനെത്തിയത്.
കെ.എസ്.ആർ.ടി.സി. ബസുകൾക്ക് സമാന്തരമായി ദേശസാത്കൃത പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. പരിശോധനകൾക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയിൽ എടുത്ത് റാന്നി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
റാന്നി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജയ് കുമാറാണ് ഈ വാഹനത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പെർമിറ്റിലെ നിർദേശം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.