KeralaNEWS

സംസ്ഥാനത്ത് വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ വ്യാപകം, ടെസ്റ്റ് ഇല്ലാതെ 5000 രൂപ കൈക്കൂലി വാങ്ങി  2500ലേറെ  ലൈസന്‍സ് പുതുക്കി നല്‍കിയ 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

        വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ സ്വദേശി ഉസ്മാനാണ് അറസ്റ്റിലായത്. വ്യാജലൈസൻസ് നിർമ്മിക്കാൻ ഒത്താശ ചെയ്ത  ഡ്രൈവിംഗ് സ്കൂൾ ഉടമ ശ്രീജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് സബ് ആർ.ടി.ഒയുടെ പരിധിയിലുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഒത്താശയോടെ ഒട്ടേറെപ്പേർ ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ട് എന്നാണ് ഒടുവിൽ ലദ്യമായ വിവരം.

ഇതിനിടെയാണ് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ വൻ ക്രമക്കേട് കണ്ടെത്തിയത്. കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ലൈസന്‍സ് പുതുക്കി നല്‍കിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ പ്രത്യേക സ്‌ക്വാഡിന്റെ കണ്ടെത്തലിലാണ് നടപടി.

Signature-ad

കൊടുവള്ളി, തിരൂരങ്ങാടി, ഗുരുവായൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പാണ് പുറത്തായത്. ടി സി സ്‌ക്വാഡ് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ മോടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരായ പദ്മലാല്‍, ടി അനൂപ് മോഹന്‍, എം എ ലാലു എന്നിവരെ ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിനായി തൃശ്ശൂര്‍, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.

20 വര്‍ഷമാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടാണ് പുതുക്കുന്നതെങ്കില്‍ വീണ്ടും ടെസ്റ്റ് നടത്തണമെന്നാണ് ചട്ടം. 2500ലേറെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ടെസ്റ്റ് ഇല്ലാതെ പണം വാങ്ങി പുതുക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍.

ഏജന്റുമാര്‍ വഴിയാണ് ലൈസന്‍സ് പുതുക്കുന്നതില്‍ തട്ടിപ്പ് നടക്കുന്നത്. ഒരു ലൈസന്‍സ് ടെസ്റ്റില്ലാതെ പുതുക്കാനുള്ള കൈക്കൂലിയായി 5000 രൂപ വരെ ഏജന്റുമാര്‍ ഈടാക്കുന്നുവെന്നും കണ്ടെത്തി. കേരളത്തില്‍ എവിടെയാണെങ്കിലും ക്രമക്കേടിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസിലേക്ക് അപേക്ഷ എത്തിച്ചാണ് തട്ടിപ്പെന്നതാണ് ഞെട്ടിക്കുന്നത്.

സസ്‌പെന്‍ഷനിലായ മൂന്ന് ഉദ്യോഗസ്ഥരും തങ്ങളുടെ പരിധിയില്‍ ഉള്‍പെടാത്തവര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് ഗുരുവായൂരിലാണ്. എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് കമീഷണറുടെ നേതൃത്വത്തില്‍ ടിസി സ്‌ക്വാഡാണ് തട്ടിപ്പ് അന്വേഷിച്ചത്.

Back to top button
error: