നെയ്റോബി: നിരവധി കേസുകള്‍ വാദിച്ച് ജയിച്ച യുവ അഭിഭാഷകൻ വ്യാജൻ, ഒടുവിൽ ഹൈക്കോടതി അഭിഭാഷകന് പിടി വീണു. കെനിയ ഹൈക്കോടതിയിൽ ജഡ്ജിമാർ വരെ പ്രശംസിച്ച അഭിഭാഷകനാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. കെനിയ ഹൈക്കോടതിയിൽ അഭിഭാഷകനായി 26 കേസുകളോളം വാദിച്ച ജയിച്ച ബ്രയാൻ മ്വെൻഡയാണ് പിടിയിലായത്. അറസ്റ്റിലാവുന്നത് വരെ ജഡ്ജിമാരടക്കം ഒരാള്‍ക്കും സംശയത്തിനിട കൊടുക്കാതെയാണ് ബ്രയാൻ കോടതിയിൽ കേസുകള്‍ വാദിച്ചിരുന്നത്.
ലോ സൊസൈറ്റി ഓഫ് കെനിയയുടെ റാപ്പിഡ് ആക്ഷൻ ടീമിന് ലഭിച്ച ഒരു പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്രയാൻ വ്യാജനാണെന്ന് കണ്ടെത്തിയത്. വ്യാജനാണെന്ന് കണ്ടെത്തിയതോടെ ബ്രയാൻ ജയിച്ച കേസുകളെല്ലാം അപ്പീൽ ജഡ്ജിമാർക്കും ഹൈക്കോടതി ജഡ്ജിമാർക്കും കൈമാറിയതായി നൈജീരിയൻ ട്രൈബ്യൂണൽ അറിയിച്ചു. ബ്രയാന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. താൻ അറ്റോർണി ജനറലിന്‍റെ ഓഫീസിലാണ് നേരത്തെ ജോലി നോക്കിയതെന്നും അതുകൊണ്ട് പ്രവർത്തിപരിചയ സർട്ടിഫിക്കിറ്റ് ആവശ്യനില്ലെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.
ബ്രയാൻ മ്വെൻഡ തന്റെ പേരുമായി സാമ്യമുള്ള ഒരു അഭിഭാഷകന്റെ ഐഡന്‍റിറ്റി ഫേക്ക് ചെയ്താണ് വക്കീലായി അംഗത്വം നേടിയതെന്നാണ് പുറത്തുവരുന്ന വിവരം. തന്‍റെ പേരുമായി സാമ്യമുള്ള ഒരാളുടെ പേരിലുള്ള അക്കൌണ്ട് ഹാക്ക് ചെയ്ത് പുതിയൊരു അക്കൌണ്ട് ഉണ്ടാക്കുകയും അതുവഴി ലോ സൊസൈറ്റിയിൽ അംഗത്വം നേടുകയായിരുന്നു. യഥാർത്ഥ അഭിഭാഷകന് തന്‍റെ ലോഗിനിൽ കയറാൻ സാധിക്കാതായതോടെ ഐടി വിഭാഗത്തെ സമീപിച്ചതോടെയാണ് വ്യാജന് പിടി വീഴുന്നത്. എന്തിനാണ് ഇായാള്‍ വ്യാജ അഭിഭാഷക വേഷം കെട്ടിയതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അറസ്റ്റിലായ ബ്രയാനെ ചോദ്യം ചെയ്തുവരികയാണെന്ന് കെനിയൻ പൊലീസ് അറിയിച്ചു.