മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. കുറഞ്ഞതു രണ്ട് നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കിൽ ത്യപ്തിയില്ലാത്തവരുണ്ട്. രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരും ഉണ്ടാകാം. അത്തരത്തിൽ അത്താഴത്തിന് അഥവാ രാത്രി ചോറ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ, ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്.
പതിവായി അത്താഴത്തിന് ചോറ് കഴിക്കുന്നതു കൊണ്ടുള്ള ദൂഷ്യവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
രാത്രി ഉറങ്ങുന്നതിന് മുമ്പ് വയറു നിറച്ച് ചോറ് കഴിക്കുന്നത് ദഹനം മന്ദഗതിയിലാകാൻ ഇടയാക്കും. ഇത് വയറിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. അതിനാൽ രാത്രി ചോറ് കഴിക്കുന്നത് നിർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ രാത്രി ഏഴ് മണിക്കു മുമ്പ് മിതമായ അളവിൽ മാത്രം ചോറ് കഴിക്കാം.
രണ്ട്…
കാർബോഹൈഡ്രേറ്റിനാൽ സംമ്പുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. ഇതുമൂലം വയർ ചാടാനും ശരീരഭാരം വർധിക്കാനും കാരണമാകും. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുക.
മൂന്ന്…
രാത്രി ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ കാരണമാകും. ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ പ്രമേഹമുള്ളവർ രാത്രി ചോറ് കഴിക്കുന്നതും പരിമിതപ്പെടുത്തുക.
നാല്…
രാത്രി വയറു നിറച്ചും കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് കഴിക്കുന്നത് ദഹനക്കേടുണ്ടാക്കി ഉറക്കത്തെ തടസപ്പെടുത്താനും സാധ്യതയുണ്ട്.
അഞ്ച്…
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഉള്ളതിനാൽ പതിവായി രാത്രി ചോറ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
ആറ്…
ചോറിൽ ആവശ്യത്തിന് പ്രോട്ടീനോ ആരോഗ്യകരമായ കൊഴുപ്പോ വിവിധ പോഷകങ്ങളോ ഇല്ല. അതിനാൽ ഇവ മിതമായ അളവിൽ കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.