മലപ്പുറം: കോണ്‍ഗ്രസ് ഇനിയും മൃദുഹിന്ദുത്വം പയറ്റാനാണ് ശ്രമിക്കുന്നതെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തീവ്രഹിന്ദുത്വത്തിനെതിരെ ഉത്തരേന്ത്യയില്‍ മൃദുഹിന്ദുത്വം പരീക്ഷിച്ചതാണ് കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടാന്‍ കാരണമെന്ന് സലാം ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പറഞ്ഞു.
”കേരളത്തില്‍ ജനസംഖ്യാനുപാതികമായി മുസ്ലീം സമുദായത്തിന് ഒരു കാലത്തും ഒരു പാര്‍ട്ടിയിലും പ്രാധാന്യം കിട്ടിയിട്ടില്ല. മുസ്ലീം ലീഗ് സീറ്റ് ചോദിക്കുമ്പോള്‍ മാത്രമാണ് സാമുദായിക പ്രശ്നം ഉണ്ടാകുന്നത്. അങ്ങനെ ഒരു സംസ്‌കാരം വളര്‍ത്തിയെടുത്തതില്‍ രാഷ്ട്രീയക്കാര്‍ക്ക് മാത്രമല്ല സംസ്‌കാരിക നായകന്മാര്‍ക്കും പങ്കുണ്ട്.
മുസ്ലീം ലീഗ് മൂന്നാമതൊരു സീറ്റ് കൊടുത്താല്‍ അത് സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് ചിലര്‍ വാദിക്കുന്നത്. എന്നാല്‍, അതെങ്ങനെ ബാധിക്കും. മുസ്ലീം ലീഗിന് ആറ് സീറ്റ് കൊടുത്താലും സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കില്ല. അത് തിരിച്ച് പറയുമ്പോള്‍ ലീഗ് വര്‍ഗീയത പറയുന്നു എന്ന് പറയും. ന്യായമായി അര്‍ഹതപ്പെട്ടത് ഭാഗിക്കുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാവില്ലല്ലോ. 20 പാര്‍മെന്റ് മണ്ഡലങ്ങളാണ് കേരളത്തില്‍ ഉള്ളത്. അതില്‍ ജനസംഖ്യാനുപാതികമായി സമുദായത്തിനും മുസ്ലീം ലീഗിനും എത്ര കിട്ടുന്നു. മറ്റു സമുദായം വരുമ്പോള്‍ ചര്‍ച്ച അതിലേക്ക് പോകുന്നില്ല. മുസ്ലീ ലീഗ് ചേദിക്കുമ്പോള്‍ മാത്രമാണ് ചര്‍ച്ചയുണ്ടാകുന്നത്”- അദ്ദേഹം പറഞ്ഞു.
ജാതി സെന്‍സസിന്റെ കാര്യത്തില്‍ എന്‍എസ്എസ് പറയുന്നത് കേട്ട് കേരളത്തിലെ കോണ്‍ഗ്രസ് പിറകോട്ട് പോകുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സലാം പറഞ്ഞു. ജാതി സംവരണം സംബന്ധിച്ച് സമുദായങ്ങള്‍ തമ്മില്‍ തര്‍ക്കമില്ലെങ്കില്‍ പിന്നെ കണക്കെടുക്കുന്നതില്‍ എന്താണ് പ്രശ്നം. കേന്ദ്രത്തില്‍ ജാതി സെന്‍സസിന് വേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസാണ്. ഇന്ത്യ മുന്നണിയുടെ ഘടക കക്ഷിയാണ് കോണ്‍ഗ്രസ്. അതിനൊപ്പം മുസ്ലീം ലീഗ് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.