ന്യൂഡല്‍ഹി: ‘ഓപ്പറേഷന് അജയ്’യുടെ ഭാഗമായി ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തി. വിമാനത്തിലുണ്ടായിരുന്ന 33 മലയാളികളില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ഇവരെ ശനിയാഴ്ച തന്നെ കേരളത്തിലെത്തിക്കും. 235 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ടെല്‍ അവീവില്‍നിന്ന് വെള്ളിയാഴ്ച രാത്രിയാണ് വിമാനം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. തിരിച്ചെത്തിയ 33 മലയാളികളില്‍ 20 പേര് വിദ്യാര്‍ഥികളും ബാക്കിയുള്ളവര്‍ ഇസ്രയേലിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരുമാണ്. ഇവരെ ഇന്നുതന്നെ കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയിലെ നോര്‍ക്ക ഓഫീസും കേരളാ ഹൗസിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കേരളത്തിലെത്തിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.
ഇസ്രയേലില്‍നിന്ന് വരാന്‍ താത്പര്യപ്പെടുന്നവരെയെല്ലാം ഒക്ടോബര്‍ 18-നുള്ളില്‍ ഡല്‍ഹിയിലെത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ചര്‍ച്ച നടത്തി. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി.