IndiaNEWS

കേരളത്തിലെ 4 ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പകരം വന്ദേ ഭാരത് സ്ലീപ്പറുകള്‍; പുതിയ പദ്ധതിയുമായി റെയില്‍വേ

ന്യൂഡല്‍ഹി: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഈ വര്‍ഷം പുറത്തിറങ്ങുമ്പോള്‍ കേരളത്തിലെ നാല് ദീര്‍ഘദൂര റൂട്ടുകള്‍ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. തിരക്കേറിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പകരമാകും വന്ദേഭാരത് ട്രെയിനുകള്‍ ഇറക്കുക. ഇതിനായി റെയില്‍വേയുടെ കീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ഒരു പദ്ധതി തയ്യാറാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

സ്റ്റോപ്പുകളില്‍ മാറ്റമില്ലാതെയും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാതെ നിലവിലുള്ള നിരക്കില്‍ തന്നെ സര്‍വീസ് നടത്താനാണ് റെയില്‍വേ പദ്ധതിയിടുന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ആദ്യഘട്ടത്തില്‍ ദക്ഷിണ റെയില്‍വേയിലാണ് പദ്ധതി നടപ്പാക്കുന്നത്.

Signature-ad

അതിനിടെ, വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ തുടങ്ങുമെന്ന് റെയില്‍വെ അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. ലോകോത്തര യാത്രാനുഭവം തന്നെയാകും ഇതിലൂടെ ലഭ്യമാകുക എന്ന് ബിഇഎംഎല്‍ ചെയര്‍മാനും എംഡിയുമായ ശാന്തനു റോയ് പറഞ്ഞു. ഈ സ്ലീപ്പര്‍ കോച്ചുകളിലാണ് ഈ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുക.

വന്ദേ ഭാരത് സ്ലീപ്പറുകളും വന്ദേ ഭാരത് മെട്രോ ട്രെയിനുകളും വൈകാതെ തന്നെ പുറത്തിറക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നത്. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സാങ്കേതിക വിദ്യ തന്നെയാകും ദീര്‍ഘദൂര്‍ ട്രെയിനുകള്‍ക്ക് പകരം സര്‍വീസ് നടത്തുന്നവയ്ക്കും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ട്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതിയിലാകും ഇത് സര്‍വീസ് നടത്തുകയെന്നതിനാല്‍ തന്നെ യാത്രാ സമയത്തില്‍ കുറവുണ്ടാകുകയില്ലെന്നതും പ്രത്യേകതയാണ്.

സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ചെന്നൈ തിരുവനന്തപുരം മെയില്‍, ചെന്നൈ- മംഗളൂരു മെയില്‍, ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസ്, എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്ക് പകരമാണ് വന്ദേ ഭാരത് സര്‍വീസ് നടത്തുക.

വൈകാതെ തന്നെ ഉത്തരേന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളും വന്ദേ ഭാരതാക്കി മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രാജ്യത്തെ തിരക്കുള്ള എല്ലാ ദീര്‍ഘദൂര ട്രെയിനുകളും മൂന്ന് വര്‍ഷത്തിനുള്ളില്‍ വന്ദേ ഭാരത് ആയി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 67 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി നിരത്തിലിറക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. നിലവില്‍ പുറത്തിറങ്ങിയിരിക്കുന്ന 35 ട്രെയിനുകള്‍ ഉള്‍പ്പടെ 2024 സാമ്പത്തിക വര്‍ഷം ഒടുക്കത്തോടെ ഇന്ത്യയില്‍ മൊത്തം 102 വന്ദേ ഭാരത് ട്രെയിനുകള്‍ ഇറക്കാനാണ് ഒരുങ്ങുന്നത്. ഇക്കൂട്ടത്തില്‍ 75 എണ്ണം ചെയര്‍ക്കാറായിട്ടും അവശേഷിക്കുന്നത് സ്ലീപ്പറുമായിരിക്കും. വരും വര്‍ഷങ്ങളില്‍ 400 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മ്മിക്കാനും ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ട്. ദീപാവലിക്ക് മുന്നോടിയായി 9 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ.

 

Back to top button
error: