NEWS

ഇടുക്കി ഗോൾഡിനെ വെല്ലുന്ന കമ്പം കഞ്ചാവിനു പ്രിയമേറുന്നു, കുപ്രസിദ്ധരായ ഗുണ്ടകള്‍ പലരും ‘ക്വട്ടേഷൻ’ നിർത്തി പത്തിരട്ടി ലാഭമുള്ള ഈ ‘ബിസിനസി’ലേക്ക് കടക്കുന്നു 

 കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഗുണ്ടാനേതാക്കളിൽ ചിലർ കാപ്പയിൽ ജയിലിലായതോടെ ആക്രമണങ്ങള്‍ക്ക് അറുതി വന്നെങ്കിലും ലഹരി ഒഴുകുകയാണ്. കൊള്ളയും ക്വട്ടേഷനുമായി നടന്നാല്‍ അകത്ത് പോകുമെന്ന് ഉറപ്പായ ഗുണ്ടകളാണ് പുറത്ത് യഥേഷ്ടം ലഹരിക്കച്ചവടം നടത്തുന്നത്. ഒറ്റയടിയ്ക്ക് ലക്ഷങ്ങള്‍ നേടാം എന്നതും ഇതിലേക്ക് ആകര്‍ഷിക്കുന്നു.

ഇടുക്കി ജില്ല കടന്ന് തമിഴ്നാട്ടിലെ കമ്പത്തു നിന്ന് കഞ്ചാവിന്റെ വരവ് വർധിച്ചതായി കണക്കുകൾ. പരിശോധനകളും പിടിക്കപ്പെടുന്ന കേസുകളും കുറവാണ്. യുവാക്കളിൽ പലരും പണം ഉണ്ടാക്കാനുള്ള എളുപ്പ മാർഗമായി കഞ്ചാവ് കടത്തിനെ കണ്ടുതുടങ്ങി. മൊത്ത വിതരണക്കാർ അതിർത്തിയിലെ പരിശോധനകൾ മറികടന്നാണ് തമിഴ്നാട്ടിൽ നിന്നു കുമളിയിലേക്ക് എത്തിക്കുന്നത്. മുൻപ് സ്വകാര്യ വാഹനങ്ങളാണ് ഇത്തരക്കാർ കഞ്ചാവ് കടത്തുന്നതിന് ആശ്രയിച്ചിരുന്നതെങ്കിൽ പിന്നീട് ബസുകളിലായി.

Signature-ad

കോട്ടയം- ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്ന ഹൈറേഞ്ചിന്റെ കവാടത്തിൽ വാഹന പരിശോധനയ്ക്കായി ചെക്ക് പോസ്റ്റ് വേണം എന്ന ആവശ്യം മുൻപ് ഉയർന്നിരുന്നു. പൊലീസിന്റെയും എക്സൈസിന്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കിയാൽ ഒരു പരിധി വരെ കഞ്ചാവ് കടത്ത് തടയാൻ കഴിയും. ബസുകളിൽ കൊണ്ടുവരുന്ന കഞ്ചാവ് പിടികൂടാൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.

ലാഭം പലമടങ്ങ്, യുവാക്കൾക്ക് ഹരം

കഞ്ചാവ് കടത്തിൽ കണ്ണികളാകുന്നത് കൂടുതലും ഗുണ്ടകളായ യുവാക്കളാണെന്ന് പൊലീസ് പറയുന്നു. 15,000 രൂപയുമായി തമിഴ്നാട്ടിലേക്ക് പോയാൽ കഞ്ചാവ് നൽകാൻ നിരവധി ഏജന്റുമാരാണുള്ളത്. നാട്ടിൽ എത്തിച്ച് ചെറു പൊതികളാക്കി ചില്ലറ വിൽപന നടത്തുമ്പോൾ ഒരു കിലോ കഞ്ചാവിന് ലഭിക്കുന്ന ലാഭം ചെലവായതിന്റെ പല മടങ്ങാണ്. ഒരു കിലോയിൽ താഴെ മാത്രമേ ഇവർ കഞ്ചാവ് സൂക്ഷിക്കുകയുള്ളൂ. പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിപ്പോകാം എന്ന നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്ന ഇവർ വീണ്ടും കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുന്നു.

കാലം മാറിയപ്പോൾ കച്ചവടവും ഹൈടെക്

പണ്ടൊക്കെ പരിചയം ഉള്ള ആളുകളെ കേന്ദ്രീകരിച്ച് മാത്രമായിരുന്നു കച്ചവടം എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ആവശ്യക്കാരൻ കച്ചവടക്കാരനെ ഫോണിൽ വിളിച്ചാൽ പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാൻ പറയും. പണം ലഭിച്ചു കഴിഞ്ഞാൽ കച്ചവടക്കാരൻ പറയുന്ന അടയാളങ്ങൾ നോക്കി സ്ഥലത്ത് എത്തിയാൽ കഞ്ചാവ് പൊതികൾ എടുത്തുകൊണ്ട് പോകാം. ആരാണ് വിൽക്കുന്നത് എന്നോ ആരാണ് വാങ്ങുന്നത് എന്നോ അറിയാൻ കഴിയില്ല.

ആര്‍പ്പൂക്കര സ്വദേശി ഗുണ്ടയ്ക്ക് ഒരു ഡസനിലേറെ അനുയായികളുണ്ട്. കാപ്പയിൽ കുരുങ്ങി അകത്തായപ്പോഴും ലഹരിക്കച്ചവടം ജയിലിൽ കിടന്ന് തന്നെ നിയന്ത്രിച്ചു. റോബിൻ ജോര്‍ജിന്റെ കഞ്ചാവ് കണ്ണി ഇയാളിലേയ്ക്കാണ് കൊളുത്തുന്നത്. റോബിൻ ജോര്‍ജ് ആരോപണം ഉന്നയിച്ച പനച്ചിക്കാട് സ്വദേശി അനന്ദു പ്രസന്നൻ ഇയാളുടെ ഗ്യാംഗിൽ ഉണ്ടായിരുന്നു. ഈ ഗുണ്ടയ്ക്കൊപ്പമുള്ള യുവാവാണ് കുമാരനല്ലൂരിലെ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയതിനു പോലീസ് പിടികൂടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തത്.

എന്തുകൊണ്ട് ലഹരിക്കച്ചവടം

◾ഒറ്റില്ലെങ്കില്‍ പിടിക്കപ്പെടാൻ സാദ്ധ്യത കുറവ്.

◾ലാഭം പത്തിരിട്ടിയിലേറെ, ചില്ലറയാക്കി വില്‍ക്കാനും ആളുകള്‍.

◾പിടിച്ചുപറി, ക്വട്ടേഷൻ എന്നിവയിൽ ഏർപ്പെട്ടൽ പിടിക്കപ്പെടാൻ സാദ്ധ്യത കൂടുതല്‍.

◾ഒരു കിലോയില്‍ താഴെ കഞ്ചാവെങ്കില്‍ ജാമ്യം കിട്ടും.

Back to top button
error: