തട്ടം വിവാദം ഇപ്പോൾ മുസ്ലിം ലീഗിനെ തിരിഞ്ഞുകുത്തുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനില്‍കുമാര്‍ ഉയര്‍ത്തിവിട്ട വിവാദം കെട്ടടങ്ങിയെങ്കിലും മുസ്ലിം ലീഗിനകത്ത് അടിയൊഴുക്കും വിവാദങ്ങളും രൂക്ഷമായിരിക്കുന്നു. ഈ വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം സമസ്തയെ അവഹേളിച്ചതായി സമസ്ത പരാതി ഉന്നയിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് ഇതു സംബന്ധിച്ച് സമസ്ത പരാതി നല്‍ക്കുകയും ചെയ്തതോടെയാണ് വിവാദം പുകയാന്‍ തുടങ്ങിയത്.
മുഖ്യമന്ത്രിയുടെ ഫോണ്‍ കിട്ടിയാല്‍ എല്ലാമായെന്നു ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നും ഇവരുടെ പാര്‍ട്ടിയോടുളള സമീപനമെന്തെന്ന് അവര്‍ പറയണമെന്നുമായിരുന്നു സലാമിന്റെ വിമര്‍ശനം. തട്ടം വിവാദത്തില്‍ സമസ്ത ശക്തമായി പ്രതികരിക്കാത്തതിനെതിരെയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സലാമിന്റെ വിമര്‍ശനം. സലാമിനെ കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ കല്ലായിയെയും പരാതിയില്‍ പേരെടുത്തു പറഞ്ഞിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയെയും ആദരണീയരായ ഉസ്താദുമാരെയും സംഘടനാ സംവിധാനങ്ങളെയും പൊതുവേദികളിലെയും സമൂഹമാധ്യമങ്ങളിലും ലീഗിന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായി സമസ്തയുടെ പരാതിയില്‍ പറയുന്നു. പാര്‍ടിയുടെ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് നിരന്തരമുണ്ടാക്കുന്ന ഇത്തരം സമീപനങ്ങള്‍ സുന്നി പ്രസ്ഥാന രംഗത്ത് വളരെയധികം പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം സമുദായത്തിന്റെ പൊതുവായ കെട്ടുറപ്പിന് എതിരായ സമീപനങ്ങളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വിട്ടു നില്‍ക്കണമെന്നും സമസ്ത നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
എസ് വൈ എസ് സംസ്ഥാന ജെനറല്‍ സെക്രടറി മുഹമ്മദ് കോയ തങ്ങള്‍, ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജെനറല്‍ സെക്രടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി തുടങ്ങി 21 നേതാക്കളാണ് പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്.
ഇതിനിടെ ഏതു സര്‍ക്കാരിനോടും സൗഹൃദത്തോടെയുളള സമീപനമാണ് സമസ്ത സ്വീകരിക്കുന്നതെന്ന് അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മട്ടാഞ്ചേരിയില്‍ വ്യക്തമാക്കി. സമുദായത്തിന്റെ ആവശ്യങ്ങള്‍ ഭരിക്കുന്ന സര്‍ക്കാർ പ്രതിനിധികളോട് സംസാരിക്കും. ചിലപ്പോള്‍ ഫോണില്‍ പറയും. അല്ലെങ്കില്‍ നേരില്‍കാണും. അതൊക്കെ ആക്ഷേപമായി പറയുന്നത് ശരിയല്ലെന്നും സലാമിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സലാമിനെതിരെ നടപടിയെടുക്കാന്‍ മുസ്ലിം ലീഗ് തയ്യാറാകണമെന്ന ആവശ്യം സമസ്തയില്‍ ശക്തമായിട്ടുണ്ട്. സംസ്ഥാന ജെനറല്‍ സെക്രടറി സ്ഥാനത്തുനിന്ന് നീക്കുകയോ അല്ലെങ്കില്‍ താക്കീത് ചെയ്യുകയോ വേണമെന്നാണ് ആവശ്യം. സലാമിന്റെ നിലപാടില്‍ മിക്ക നേതാക്കള്‍ക്കും കടുത്ത അതൃപ്തിയാണുളളത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി സമസ്തയുമായുളള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കണമെന്ന ആവശ്യം മുസ്ലിം ലീഗിലും ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ അതീവവിശ്വസ്തരായ നേതാക്കളിൽ ഒരാളായാണ് പിഎംഎ സലാം അറിയപ്പെടുന്നത്.