CrimeNEWS

ന്യൂസ് ക്ലിക്ക് കേസ്: ദില്ലി പൊലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് ന്യൂസ് ക്ലിക്ക് മുൻ ജീവനക്കാരി അനുഷ പോൾ

പത്തനംതിട്ട: ദില്ലി പൊലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് ന്യൂസ് ക്ലിക്ക് മുൻ ജീവനക്കാരി അനുഷ പോൾ. ന്യൂസ് ക്ലിക്കിനെതിരായ കേസിൻറെ ഭാഗമായി ദില്ലി പൊലീസ് വീട്ടിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുഷ പോൾ. ന്യൂസ് ക്ലിക്കിൻറെ മുൻ ജീവനക്കാരിയായ പത്തനംതിട്ട കൊടുമൺ ഐക്കാട് സ്വദേശി അനുഷ പോളിൻറെ വീട്ടിലാണ് ഡൽഹി പൊലീസ് എത്തിയത്. മൊഴിയെടുത്തശേഷം മൊബൈൽ ഫോണും ലാപ്ടോപ്പും ബാങ്ക് രേഖകളും ഡൽഹി പൊലീസ് പിടിച്ചെടുത്തുവെന്നും ഭീഷണിയുടെ സ്വരത്തിലാണ് പൊലീസ് സംസാരിച്ചതെന്നും അനുഷ പറഞ്ഞു.

എത്രയും വേഗം ദില്ലിയിലെത്തി പൊലീസിൽ ഹാജരാകുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും നൽകി. തൻറെ സിപിഎം ബന്ധമാണ് പ്രധാനമായും പൊലീസ് അന്വേഷിച്ചത്. ദില്ലിയിലെ സിപിഎം നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചു. ദില്ലി സിപിഎം സംസ്ഥാന സെക്രട്ടറി കെഎം തിവാരിയെ അറിയുമോ എന്നു ചോദിച്ചപ്പോൾ അറിയമെന്നും മറുപടി നൽകി. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ന്യൂസ് പോർട്ടലാണ് ന്യൂസ് ക്ലിക്കെന്നും പറഞ്ഞു. ന്യൂസ് ക്ലിക്ക് തന്നതല്ല ലാപ്ടോപും മൊബൈലും. എന്നിട്ടും അവ രണ്ടും പൊലീസ് പിടിച്ചുകൊണ്ടുപോയി. തിരിച്ചറിയിൽ രേഖകളുടെ പകർപ്പും ബാങ്ക് രേഖകളും കൊണ്ടുപോയി. കർഷക സമരം, സിഎഎ, കോവിഡ് തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തോ എന്ന് അന്വേഷിച്ചതായും അനുഷ പോൾ കൂട്ടിചേർത്തു.

Signature-ad

നാലുവർഷക്കാലം ന്യൂസ് ക്ലിക്കിൻറെ ഇൻറർനാഷണൽ ഡെസ്കിലെ ലേഖികയായിരുന്നു അനുഷ പോൾ. ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി ട്രഷറർ കൂടിയാണ്. ഇവർ അടുത്ത കാലത്താണ് പത്തനെതിട്ടയിൽ സ്ഥിരതാമസമാക്കിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് ദില്ലിയിൽനിന്നും പ്രത്യേക അന്വേഷണ സംഘം എത്തിയത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പരിശോധനയുടെ ഭാ​ഗമായി മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തത്. നടപടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ദില്ലി പൊലീസ് സംസ്ഥാന പൊലീസിനോട് പങ്കുവെച്ചിട്ടില്ല.

അതേ സമയം, യുഎപിഎ കേസിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫിൻറെയും എച്ച് ആർ മേധാവിയുടെയും അറസ്റ്റിൻറെ കാരണം റിമാൻഡ് അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആർ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിൻറെ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. 2019ലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകായസ്ത ഗൂഢാലോചന നടത്തിയെന്നതടക്കം എഫ്ഐഐറിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്..

Back to top button
error: