ഉപദേശം എന്ന വാചികാവ്യായാമം, ഈ വാക്കുകൾ സ്വന്തം ജീവിതത്തിൽ ഫലപ്രദമോ എന്നും ആലോചിക്കൂ
വെളിച്ചം
ഡോക്ടര്‍മാരുടെ കഠിനശ്രമത്തിന് ശേഷമാണ് ഹൃദയാഘാതം ഉണ്ടായ അയാൾ രക്ഷപ്രാപിച്ചത്. മാനസികാഘാതം ഉണ്ടാക്കുന്ന ഒന്നും അയാളോട് പറയരുത് എന്ന് ഡോക്ടര്‍ വീട്ടികാരോട് നിര്‍ദ്ദേശിച്ചു. അങ്ങിനെയിരിക്കെയാണ് അയാള്‍ക്ക് 2 കോടി ലോട്ടറി അടിച്ചത്. പക്ഷേ, ഈ വിവരം അയാളെ അറിയിക്കാന്‍ വീട്ടുകാര്‍ ഭയപ്പെട്ടു. അവസാനം വീട്ടുകാര്‍ ഡോക്ടറുടെ സഹായം തേടി.
ഡോക്ടര്‍ കുശലാന്വേഷണത്തിന് ശേഷം അയാളോട് ചോദിച്ചു:
“നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ലോട്ടറിയിടിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും?”
അയാള്‍ പറഞ്ഞു:
“ഞാൻ ആതുക ഭാര്യയുടെ കയ്യില്‍ കൊടുത്ത് ഈ ആശുപത്രിയുടെ ബില്ലുകള്‍ അടയ്ക്കാന്‍ പറയും.”
“പത്ത് ലക്ഷം രൂപയാണെങ്കിലോ?” ഡോക്ടര്‍ ചോദിച്ചു.
“ഞാന്‍ എന്റെ മകളുടെ വിവാഹം നടത്തും.” അയാള്‍ പറഞ്ഞു.
“രണ്ടുകോടിയാണെങ്കിലോ?”
ഡോക്ടര്‍ ചോദ്യം ആവര്‍ത്തിച്ചു.
അയാള്‍ പറഞ്ഞു:
“എനിക്ക് രണ്ടുകോടി ലോട്ടറിയടിക്കാന്‍ ഒരു സാധ്യതയുമില്ല. എങ്ങാനും അങ്ങിനെ രണ്ടു കോടി അടിച്ചാല്‍ അതില്‍ ഒരു കോടി ഞാന്‍ ഡോക്ടര്‍ക്ക് നല്‍കും.”
അയാള്‍ പറഞ്ഞു നിര്‍ത്തിയതും ഡോക്ടര്‍ ബോധം കെട്ടുവീണു.
ഉപദേശം എന്നത് ഒരു വാചിക വ്യായാമം മാത്രമാണ്. സംസാരശേഷിയും പരിചയസമ്പത്തുമുളള ആര്‍ക്കും അത് ചെയ്യാം. വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ വലിയ ബന്ധമൊന്നും വേണമെന്നുമില്ല. പരിശീലകരും വഴികാട്ടികളുമായവർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഓരോരുത്തര്‍ക്കും സാഹചര്യങ്ങളനുസരിച്ചുളള തനതു പ്രതികരണശൈലികളുണ്ട്. ഒരാളോട് പ്രയോഗിച്ച തന്ത്രങ്ങള്‍ മറ്റൊരാള്‍ക്ക് ഫലിക്കണമെന്നില്ല. വഴികാട്ടിയാകുന്നവര്‍ക്ക് വഴിയറിയില്ലെങ്കിലും ആ യാത്രയിലെ സാഹസികതയെ നേരിടാനുള്ള ശേഷിയെങ്കിലും അവര്‍ക്കുണ്ടാകണം. വീഴ്ച സംഭവിച്ചവരൊന്നും അടിമുടി തളര്‍ന്നവരല്ല. പരിക്കേറ്റ ചില കാര്യങ്ങളില്‍ മാത്രമാണ് അവര്‍ ദുര്‍ബലരാകുന്നത്. ഒരു കൈകൊടുത്താല്‍ കയറിപ്പോരുന്നവരുടെയടുത്ത് എന്തിനാണ് വെന്റിലേറ്ററുമായി നാം പോകുന്നത്…? ആന്തരിക ഉണര്‍വ്വ് നല്‍കാത്ത ബാഹ്യപ്രേരണകളൊന്നും ശാശ്വത പരിഹാരത്തിലേക്ക് ആരേയും നയിക്കുന്നില്ലെന്ന് നമുക്കും മനസ്സിലാക്കാം.
ശുഭദിനം.
സൂര്യനാരായണൻ
ചിത്രം- നിപു കുമാർ