തൃശ്ശൂർ: ന്യൂസ് ക്ലിക്കിനെതിരെ നടന്ന റെയ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറിയിപ്പാണെന്ന് ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ പറഞ്ഞു. മുമ്പും ന്യൂസ് ക്ലിക്കിനെ കേന്ദ്രം ലക്ഷ്യം വെച്ചിട്ടുണ്ട്. കർഷക സമര സമയത്ത് മികച്ച രീതിയിൽ മാധ്യമ പ്രവർത്തനം ചെയ്തിനുള്ള പ്രതികാരം കൂടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ആർ. രാജഗോപാൽ പറഞ്ഞു.
ദില്ലിയിലെ ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. എന്തിന്റെ പേരിലാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയ്ഡിനെക്കുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി. തന്റെ വസതിയിലെ റെയിഡ് പാർട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലല്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ പ്രതികരണമറിയിച്ചിരുന്നു. എകെജി സെൻ്ററിലെ ജീവനക്കാരൻ തൻറെ വസതിയിൽ താമസിക്കുന്നുണ്ടെന്നും ഈ ജീവനക്കാരൻ്റെ മകൻ ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നു എന്നതിൻറെ പേരിലാണ് പരിശോധന നടന്നതെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു. ഇതിനിടെ, ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്ന അന്വേഷണത്തിൻറെ പരിധിയിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ന്യൂസ് ക്ലിക്കിന് ഫണ്ട് നല്കിയെന്ന ആരോപണം നേരിടുന്ന വിദേശ വ്യവസായി നെവിൽ റോയി സിംഘത്തിനും കാരാട്ടിനും ഇടയിലെ ഇമെയിൽ സന്ദേശങ്ങൾ നേരത്തെ ചർച്ചയായിരുന്നു. വ്യക്തിപരമായ പരിചയത്തിൻറെ പേരിലുള്ള സന്ദേശങ്ങൾ മാത്രമെന്നാണ് കാരാട്ട് പാർട്ടിക്ക് നല്കിയ വിശദീകരണം. എന്നാലിത് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനാണ് ഇഡി നീക്കം.