ഒട്ടാവ: രണ്ടു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിച്ച് കാനഡ. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിനെയും ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്. അഞ്ചു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിക്കണം എന്നായിരുന്നു കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് കാനഡയുടെ നടപടി.
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സര്‍ക്കാരിന്റെ നിലപാടാണു പ്രധാന പ്രശ്നമെന്നും ജയ്ശങ്കര് കുറ്റപ്പെടുത്തി.
നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രസക്തമായ വസ്തുതകള്‍ കാനഡ കൈമാറിയാല്‍ പരിശോധിച്ചു നടപടിയെടുക്കാന്‍ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.